Sorry, you need to enable JavaScript to visit this website.

ശുഹൈബ് വധം: പോലീസിനും സർക്കാറിനുമെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി- ശുഹൈബ് വധക്കേസിൽ സംസ്ഥാന സർക്കാറിനും പോലീസിനുമെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്നും ആരാണ് ഇത്തരം കൊലപാതകങ്ങൾക്ക് പിന്നിലെന്നും ജസ്റ്റീസ് കമാൽ പാഷ പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളിൽ പലരും കൈ കഴുകി പോകുകയാണ്. ഒരു ചെറുവിരൽ എങ്കിലും അനക്കാനാകുമോ എന്നാണ് കോടതി അന്വേഷിക്കുന്നത്. പോലീസ് ഒന്നും ചെയ്തിട്ടില്ലെന്ന് പറയുന്നില്ല. അതേസമയം, ആവശ്യമായത് ചെയ്തിട്ടില്ല. ഒന്നാം പ്രതിയെ പിടികൂടിയിട്ടും ആയുധം എവിടെയാണെന്ന് കണ്ടെത്തിയില്ല. പ്രതിയോട് ഒന്നും പോലീസ് ചോദിച്ചിട്ടില്ല. ഈ രീതിയിൽ മുന്നോട്ട് പോകാനാകില്ലെന്നും ജസ്റ്റീസ് കമാൽ പാഷ പറഞ്ഞു. കണ്ണൂർ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ശുഹൈബിന്റെ കുടുംബം നൽകിയ പരാതിയുടെ വിചാരണക്കിടെയാണ് ഹൈക്കോടതിയുടെ പരാമർശം.
അതേസമയം, ശുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു. സർവ്വകക്ഷി യോഗത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാമെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേസിൽ യു.എ.പി.എ ചുമത്താനുള്ള തെളിവുകൾ കിട്ടിയിട്ടില്ലെന്നും പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. 
 

Latest News