തിരുവനന്തപുരം-സംസ്ഥാനത്തെ അങ്കണവാടികള്‍ ഫെബ്രുവരി 14 തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കും. ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ഡന്‍ ക്ലാസുകള്‍ തുടങ്ങിയവ തിങ്കളാഴ്ച മുതല്‍ ഓഫ് ലൈനായി പ്രവര്‍ത്തിക്കും. അതിനോടൊപ്പം അങ്കണവാടികളും തുറക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനമെടുക്കുകയായിരുന്നു. അങ്കണവാടികള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ദോഷം ചെയ്യും. അങ്കണവാടികള്‍ തുറന്ന് കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരങ്ങള്‍ കൃത്യമായി നല്‍കാനും സാധിക്കും. ചെറിയ കുട്ടികളായതിനാല്‍ അങ്കണവാടി ജീവനക്കാരും അവരെ കൊണ്ടുവിടുന്ന രക്ഷിതാക്കളും കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.