ജിദ്ദ - നഗരത്തില്‍ ചേരിവികസന പദ്ധതിയുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ ജീര്‍ണാവസ്ഥയിലുള്ള സ്‌കൂളുകള്‍ പൊളിച്ചുനീക്കിയതായും പ്രദേശത്തെ പുതിയ സ്‌കൂളുകള്‍ നിലനിര്‍ത്തിയതായും ജിദ്ദ മേയര്‍ സ്വാലിഹ് അല്‍തുര്‍ക്കി പറഞ്ഞു. പൊളിച്ചുനീക്കിയ പഴയ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ പുതിയ സ്‌കൂളുകളിലേക്ക് മാറ്റുന്ന ജോലികള്‍ വിദ്യാഭ്യാസ മന്ത്രാലയം പൂര്‍ത്തിയാക്കിവരികയാണ്. പുതിയ സ്‌കൂളിലേക്ക് ഇതുവരെ മാറ്റം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.
ചേരിവികസന പദ്ധതി പ്രദേശത്തെ ആശുപത്രികളും പൊളിക്കില്ല. പ്രദേശത്തിന് ആവശ്യമായ മുഴുവന്‍ സുപ്രധാന സ്ഥാപനങ്ങളും പൊളിച്ചുനീക്കാതെ നിലനിര്‍ത്തും. വികസന പദ്ധതിയുടെ ഭാഗമായി പൊളിക്കല്‍ ജോലികള്‍ ആരംഭിച്ച ആദ്യ ദിവസം മുതല്‍ വീട്ടുപകരണങ്ങള്‍ നീക്കം ചെയ്യാനുള്ള നിരക്കുകളും തൊഴിലാളികളുടെ കൂലിച്ചെലവും ഉയര്‍ന്നതായി ശ്രദ്ധയില്‍ പെട്ടിരുന്നു. ഇക്കാര്യം കണക്കിലെടുത്ത് വീട്ടുപകരണങ്ങള്‍ നീക്കം ചെയ്യാന്‍ പ്രദേശവാസികളെ സഹായിക്കാന്‍ വളരെ വേഗത്തില്‍ നഗരസഭക്കു കീഴിലെ ശുചീകരണ തൊഴിലാളികളെ ലഭ്യമാക്കി.