Sorry, you need to enable JavaScript to visit this website.

നീരജിനും ഹിമക്കും കോമൺവെൽത്ത് ഗെയിംസ് ടിക്കറ്റ്‌

പട്യാല - കരിയറിലെ രണ്ടാമത്തെ മികച്ച ത്രോയോടെ ജാവലിൻ ത്രോ താരം നീരജ് ചോപ്രയും അസമിലെ കൗമാര 400 മീറ്റർ ഓട്ടക്കാരി ഹിമ ദാസും ഇരുപത്തിരണ്ടാമത് ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിന്റെ രണ്ടാം ദിനത്തിന് നിറപ്പകിട്ടേകി. ഇരുവരും കോമൺവെൽത്ത് ഗെയിംസിന് യോഗ്യത നേടി. പുരുഷ ലോംഗ്ജമ്പിൽ കേരളത്തിന്റെ പതിനെട്ടുകാരൻ എം. ശ്രീശങ്കർ 7.99 മീറ്റർ ചാടി ജൂനിയർ ദേശീയ റെക്കോർഡ് സ്ഥാപിച്ചു. കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ യോഗ്യതാ മാർക്കായ എട്ട് മീറ്റർ ഒരു സെന്റിമീറ്ററിനാണ് ശ്രീശങ്കറിന് നഷ്ടപ്പെട്ടത്. 
നീരജ് തന്റെ അവസാന ശ്രമത്തിൽ 85.94 മീറ്ററാണ് എറിഞ്ഞത്. 2016 ൽ പോളണ്ടിൽ സ്ഥാപിച്ച ജൂനിയർ ലോക റെക്കോർഡായ 86.48 മീറ്റർ കഴിഞ്ഞാൽ ഇരുപതുകാരന്റെ മികച്ച പ്രകടനമാണ് ഇത്. ഇന്ത്യൻ മണ്ണിലെ മികച്ച ജാവലിൻ ത്രോ കൂടിയാണ് ഇത്. ലോകത്ത് തന്നെ ഈ സീസണിലെ മികച്ചതും. അതിനാൽ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ് യുവ താരം. ഓസ്‌ട്രേലിയയുടെ ഹമീഷ് പീകോക്കിന്റെ 83.63 മീറ്ററാണ് കോമൺവെൽത്ത് രാജ്യങ്ങളിലെ അത്‌ലറ്റുകളിൽ ഈ സീസണിലെ മികച്ച പ്രകടനം. ഗെയിംസിൽ ഇതിനേക്കാൾ മികവു കാട്ടുമെന്ന് നീരജ് പ്രഖ്യാപിച്ചു. 
നീരജിനു വളരെ പിന്നിൽ അമിത്കുമാറും (79.16 മീ.) ശിവപാൽ സിംഗും (78.13 മീ.) വെള്ളിയും വെങ്കലവും സ്വന്തമാക്കി. നീരജ് ആദ്യ റൗണ്ടിൽ തന്നെ ഗെയിംസ് യോഗ്യതാ മാർക്ക് പിന്നിട്ടെങ്കിലും തുടർന്നും മികച്ച ഏറിനായി ശ്രമിച്ചു കൊണ്ടിരുന്നു. 
400 മീറ്ററിൽ പതിനെട്ടുകാരി ഹിമയുടെ പ്രകടനവും ഉജ്വലമായിരുന്നു. 51.97 സെക്കന്റിൽ വര കടന്ന ഹിമ കരിയറിലാദ്യമായാണ് 400 മീറ്ററിൽ മത്സരിച്ചത്. സ്പ്രിന്ററായിരുന്നു ഇതുവരെ. ജി.കെ. വിജയകുമാരിയെയും എം.ആർ പൂവമ്മയെയും ഹിമ മറികടന്നു. 
ഷോട്പുട്ടിൽ തേജീന്ദർപാൽ തൂർ ഇന്ത്യൻ അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ യോഗ്യതാ മാർക്കായ 20.20 മീ. മറികടന്നു. 20.24 മീറ്ററാണ് തേജീന്ദർ എറിഞ്ഞത്. 
100 മീറ്ററിൽ ദേശീയ റെക്കോർഡ് ജേതാവ് അമിയകുമാർ മലിക്കിനെയും ഏഷ്യൻ ഇൻഡോർ മെഡലുകാരൻ എലാക്കിയ ദാസനെയും മറികടന്ന് തമിഴ്‌നാടിന്റെ ശിവകുമാർ (10.16 സെ.) സ്വർണം നേടി. ഒഡീഷയുടെ ദുതിചന്ദാണ് വനിതകളിൽ ഫാസ്റ്റസ്റ്റ്. 
 

Latest News