Sorry, you need to enable JavaScript to visit this website.

മദ്യലഹരിയില്‍ പിതാവിനെ തലക്കടിച്ചു കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

കൊച്ചി- മദ്യലഹരിയില്‍ മകന്‍ പിതാവിനെ വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. വടക്കേ ഇരുമ്പനം തൃക്കത്ര ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. മഠത്തിപ്പറമ്പില്‍ വീട്ടില്‍ കരുണാകരന്‍ (61) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ മകന്‍ അവിന്‍ എന്നു വിളിക്കുന്ന അമലി (27)നെ തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്...ഓട്ടോറിക്ഷ ഡ്രൈവറായ അമലും ഉത്സവപറമ്പുകളില്‍ ബലൂണും മറ്റും വില്‍പ്പന നടത്തുന്ന കരുണാകരനും മദ്യ ലഹരിയില്‍ ആയിരുന്നു. മിക്കവാറും ദിവസങ്ങളില്‍ ഇവര്‍ തമ്മില്‍ വഴക്ക് പതിവായതു കൊണ്ട് വീട്ടിലുണ്ടായിരുന്ന കരുണാകരന്റെ ഭാര്യ രുഗ്മിണിയും  അന്നത്തെ രാത്രിയിലെ വഴക്ക് ഗൗനിച്ചില്ല. വഴക്കിനിടയില്‍ അമല്‍ പിതാവിന്റെ തലയ്ക്ക് വടികൊണ്ട് അടിച്ചു. അടികൊണ്ട ശേഷം ബോധരഹിതനായി. വ്യാഴാഴ്ച പുലര്‍ച്ചെ കരുണാകരന്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ട് രുഗ്മിണി തൃശൂരില്‍ ജോലി ചെയ്യുന്ന മൂത്ത മകനെ വിളിച്ച് വിവരം പറഞ്ഞു. മകന്‍ അയല്‍വാസികളോട് പറഞ്ഞതിനെതുടര്‍ന്ന് തൊട്ടടുത്ത് താമസിക്കുന്നവര്‍ വന്ന് നോക്കുമ്പോഴാണ് പുതപ്പ് കൊണ്ട് മൂടി കിടക്കുന്ന നിലയില്‍ കരുണാകരനെ കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കുറച്ചു ദിവസങ്ങളായി ഈ വീട്ടിലുള്ളവര്‍ ക്വാറന്റിയിനില്‍ ആയിരുന്നു. എല്ലാവരും പുറത്തിറിങ്ങിയ ദിവസമാണ് കൊലപാതകം നടക്കുന്നത്. സംഭവത്തെ തുടര്‍ന്ന് വീട്ടിലെത്തിയ ഹില്‍പാലസ്  സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷിന്റെ നേതൃത്വത്തില്‍ അമലിനെ അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

 

Latest News