തലശ്ശേരി- മകളെ വിവാഹം ചെയ്തു കൊടുക്കാത്ത വിരോധത്തില്‍ അമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജീവപര്യന്തം തടവിനും 65,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പയ്യാവൂര്‍ കുന്നത്തൂരിലെ ഞരളത്ത് വേലിക്കുന്നേല്‍ വീട്ടില്‍ വര്‍ഗീസ് എന്ന കുഞ്ഞുമോന്റെ ഭാര്യ ഗ്രേസിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കാലാങ്കി വയത്തൂരിലെ മറ്റത്തിനാനി ബെന്നിയെയാണ് ( 46)കോടതി ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതിയായ കാലാങ്കിയിലെ കുന്നേല്‍ വീട്ടില്‍ കെ.ജെ അനൂപിനെ(38)കുറ്റക്കാരനല്ലെന്ന് കണ്ട് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് (നാല് ) കോടതി ജഡ്ജ് മുഹമ്മദ് റയീസ് വെറുതെ വിട്ടു.
ഇന്ത്യന്‍ ശിക്ഷാ നിയമം 302 കൊലക്കുറ്റത്തിന് പ്രതിയെ ജീവപര്യന്തം കഠിന തടവിനും 25,000 പിഴയടക്കാനും ശിക്ഷിച്ചു. കൊലപാതക ശ്രമമായ 307 വകുപ്പ് പ്രകാരം പ്രതിയെ 10 വര്‍ഷം തടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.വീട്ടില്‍ അതിക്രമിച്ച് കടന്നതിന് ഐ.പി.സി 449 പ്രകാരം പ്രതിയെ 20,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ പ്രതി പത്ത് മാസം അധിക തടവ് അനുഭവിക്കണം. പ്രതി പിഴയൊടുക്കുകയാണെങ്കില്‍ 50,000 രൂപ കൊല്ലപ്പെട്ട ഗ്രേസിയുടെ മകന്‍ ജിതിന്‍ വര്‍ഗീസിന് നല്‍കണമെന്ന് വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
2011 ജൂണ്‍ 22ന് രാവിലെ എട്ടു മണിക്കാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരന്‍ വര്‍ഗീസും കുടുംബവും താമസിച്ചു വരുന്ന വീടിന്റെ അകത്ത് കയറിയ ഒന്നാം പ്രതി പരാതിക്കാരന്റെ മകളെ വിവാഹം ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടു.എന്നാല്‍ തന്റെ മകളെ നിനക്ക് വിവാഹം ചെയ്തു തരില്ലെന്നും മേലില്‍ വീട്ടില്‍ ഈ കാര്യം പറഞ്ഞ് വരരുതെന്നും പറഞ്ഞ വിരോധത്തില്‍ ഗ്രേസിയെയും മകനെയും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗ്രേസി ആശുപത്രിയിലേക്കുള്ള വഴി മധ്യേ മരിച്ചു.
പയ്യാവൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത.് സി.ഐയായിരുന്ന എം.സുനില്‍കുമാര്‍ അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ 41 സാക്ഷികളെ വിസ്തരിക്കുകയും 52 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി. അജയകുമാറാണ് ഹാജരായത.്