ബാബുവിന്റെ ആരോഗ്യനില തൃപ്തികരം; കേസെടുക്കില്ലെന്നറിഞ്ഞ് ഉമ്മയ്ക്ക് ആശ്വാസം

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.െക.പി.റീത്ത ബാബുവുമായി സംസാരിക്കുന്നു

പാലക്കാട്- ചെറാട് മലയില്‍ നിന്ന് രക്ഷപ്പെടുത്തിയ ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.െക.പി.റീത്ത അറിയിച്ചു. എമര്‍ജന്‍സി കെയര്‍ യൂണിറ്റില്‍ നിരീക്ഷണത്തിലായിരുന്ന യുവാവ് ബുധനാഴ്ച രാത്രി നന്നായി ഉറങ്ങി. ഭക്ഷണം സാധാരണ നിലയിലായിട്ടുണ്ട്. അപകടസമയത്ത് കാലിലുണ്ടായിരുന്ന ചെറിയ മുറിവ് ഉണങ്ങിത്തുടങ്ങി. എക്‌സ്‌റെ, സി.ടി.സ്‌കാന്‍, ബ്രെയിന്‍, #െചസ്റ്റ് രക്തപരിശോധനകളെല്ലാം പൂര്‍ത്തിയാക്കി. ഫിസിഷ്യന്‍, നെഫ്രോളജി സൈക്കിയാട്രി, സര്‍ജന്‍, ഓര്‍ത്തോ എന്നീ അഞ്ച് വിഭാഗങ്ങളില്‍ നിന്നുള്ള പ്രത്യേക സംഘത്തിന്റെ മേനോട്ടത്തിലാണ് യുവാവ്. ഉമ്മ റഷീദയും സഹോദരന്‍ ഷാജിയും ബാബുവിനെ കാണാന്‍ എത്തിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും മകന്‍ സുഖമായി ഇരിക്കുന്നുണ്ടെന്നും റഷീദ പറഞ്ഞു.
ബാബുവിനെതിരേ വനംവകുപ്പ് കേസെടുക്കില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.  വനഭൂമിയില്‍ അതിക്രമിച്ചു കയറിയതിന് യുവാവിനെതിരേ കേസെടുക്കുമെന്ന്  വനംവകുപ്പുദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ബാബുവിന്റെ ഉമ്മ ഇന്നലെ രാവിലെ മാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥന നടത്തി. വിവരമറിഞ്ഞ് വകുപ്പുമന്ത്രി എ.െക.ശശീന്ദ്രന്‍ ഇടപെട്ട് കേസുമായി മുന്നോട്ടു പോകാനുള്ള തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. വനംവകുപ്പ് സെക്രട്ടറിയുമായും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായും സംസാരിച്ചതിനു ശേഷമാണ് കേസ് ഉപേക്ഷിക്കാന്‍ മന്ത്രി പാലക്കാട്ടെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. വനഭൂമിയില്‍ അതിക്രമിച്ചു കയറുന്നത് ഗുരുതരമായ കുറ്റമാണ്. കേരള ഫോറസ്റ്റ് ആക്റ്റ് സെക്ഷന്‍ 27 പ്രകാരം ഒരു വര്‍ഷത്തെ തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം.
വനഭൂമിയില്‍ അതിക്രമിച്ചു കയറിയതിന് നിയമനടപടി എടുത്തില്ലെങ്കില്‍ കൂടുതല്‍ പേര്‍ സമാനമായ രീതിയില്‍ നിയമലംഘനത്തിനു മുതിരും എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ പ്രധാന ആശങ്ക. േകസെടുക്കുന്നതിനു മുന്നോടിയായി ബാബുവിന്റെ മൊഴിയെടുക്കുന്നതിന് ഇന്നലെ രാവിലെത്തന്നെ അധികൃതര്‍ നടപടികളാരംഭിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന യുവാവിനെ ഡോക്ടര്‍മാരുടെ അനുമതി തേടി കാണാനായിരുന്നു തീരുമാനം. വിവരമററിഞ്ഞ് പരിഭ്രാന്തരായ ബാബുവിന്റെ ഉമ്മ റഷീദയും സഹോദരന്‍ ഷാജിയും വൈകാരികമായ അഭ്യര്‍ത്ഥനയാണ് വാര്‍ത്താ മാധ്യമങ്ങളിലൂടെ നടത്തിയത്. തുടര്‍ന്നായിരുന്നു മന്ത്രിയുടെ ഇടപെടല്‍.
ഉപ്പയില്ലാത്ത രണ്ടു കുട്ടികളെ വളര്‍ത്തി വലുതാക്കിയ താന്‍ ജീവിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് എന്നായിരുന്നു റഷീദയുടെ വേവലാതി. പിഴയൊടുക്കാന്‍ പറഞ്ഞാല്‍ ഒന്നും തന്റെ കൈവശമില്ലെ ന്ന് അവര്‍ നിറകണ്ണുകളോടെ പറഞ്ഞു. മലമ്പുഴയിലെ ഒരു സ്വകാര്യഹോട്ടലില്‍ തൂപ്പുകാരിയായി ജോലി നോക്കുന്ന തന്റെ മാസവരുമാനം ഏഴായിരം രൂപയാണ്. ബാബു പത്രവിതരണം നടത്തിയും അനിയന്‍ ഷാജി അല്ലറ ചില്ലറ പണികള്‍ക്ക് പോയും ആണ് രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത്. വാടകവീട്ടിലാണ് താമസം. മകനെതിരേ എന്തെങ്കിലും ശിക്ഷയുണ്ടായാല്‍ താങ്ങാനാവില്ല. അവന്‍ ചെയ്തത് വലിയ തെറ്റാണ്. ഉമ്മയെന്ന നിലക്ക് അവനു വേണ്ടി മാപ്പു ചോദിക്കാനേ കഴിയൂ. ആരോടും പ്രത്യേകിച്ച് ഒരപേക്ഷയും നടത്തുന്നില്ല. എല്ലാവരും കനിഞ്ഞ് അവനെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കണം- നിറകണ്ണുകളോടെ ഉമ്മ പറഞ്ഞു.
ഉമ്മയുടെ വാക്കുകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ അവര്‍ക്കനുകൂലമായി നിരവിധി കോണുകളില്‍ നിന്ന് ചര്‍ച്ചകള്‍ വന്നു. അതോടെയാണ് മന്ത്രി വിഷയത്തിലിടപെട്ടത്. ഉന്നതതല കൂടിയാലോചനക്കു ശേഷമാണ് കേസ് ഉപേക്ഷിക്കുന്നതിനുള്ള തീരുമാനം വന്നത്.

 

 

Latest News