റിയാദ്- സൗദി അറേബ്യയിലെ അബഹ എയര്‍പോര്‍ട്ട് ലക്ഷ്യമിട്ട് വന്ന സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ വെടിവെച്ചിട്ടതായി അറബ് സഖ്യ സേന അറിയിച്ചു. വിവിധ രാജ്യക്കാരായ 12 പേര്‍ക്ക് പരിക്കേറ്റു.
തകര്‍ത്ത ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ എയര്‍പോര്‍ട്ടിന്റെ പരിസര പ്രദേശങ്ങളില്‍ വീണതിനെ തുടര്‍ന്നാണ് ആളുകള്‍ക്ക് പരിക്ക്. സിവിലിയന്‍ എയര്‍പോര്‍ട്ടുകളേയും യാത്രക്കാരേയും ലക്ഷ്യമിട്ട് നടത്തുന്ന ഏതൊരു ആക്രമണത്തിനെതിരേയും ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് സഖ്യസേന വക്താവ് പറഞ്ഞു.
സൗദി അറേബ്യയുടെ യെമനുമായുള്ള തെക്കന്‍ അതിര്‍ത്തിയുടെ സമീപമുള്ള അബഹ ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്ക് സ്ഥിരമായി ലക്ഷ്യമിടാറുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 31 ന് നടന്ന ആക്രമണത്തില്‍ ഡ്രോണ്‍ തകര്‍ത്തതിനെ തുടര്‍ന്ന് എട്ട് സിവിലിയന്മാര്‍ക്ക് പരിക്കേറ്റിരുന്നു.