Sorry, you need to enable JavaScript to visit this website.

മലയിടുക്കില്‍നിന്ന് രക്ഷപ്പെടുത്തിയ ബാബുവിനെതിരെയ നടപടി സമൂഹം അംഗീകരിക്കില്ല, വനംവകുപ്പ് നീക്കം മന്ത്രി തടഞ്ഞു

പാലക്കാട്-  ചെറാട് കൂര്‍മ്പാച്ചി മലയിടുക്കില്‍നിന്ന് രക്ഷപ്പെടുത്തിയ ബാബുവിനെതിരെ കേസെടുക്കാനുള്ള വനംവകുപ്പ് നീക്കം  വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ തടഞ്ഞു. കേസെടുക്കേണ്ടതില്ലെന്ന് മുഖ്യവനപാലകന് മന്ത്രി നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനുമായും വനംവകുപ്പ് ഉദ്യോഗസ്ഥരുമായും സാഹചര്യം ചര്‍ച്ച ചെയ്യുമെന്നും നടപടി നിര്‍്ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.


ഗവണ്‍മെന്റിന് ബാബുവിനോടും കുടുംബത്തോടുമാണ് അനുഭാവമുള്ളത്. ആ അനുഭാവം തന്നെയാണ് മുഖ്യമന്ത്രിക്കുള്ളതെന്നാണ് മനസ്സിലാക്കുന്നത്. മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിക്കും. ബാബുവിതെിരായ നീക്കം ഇപ്പോള്‍ സമൂഹം അംഗീകരിക്കില്ല. അതു നമ്മള്‍ മനസിലാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, വനംവകുപ്പ് മേധാവി, വന്യജീവി ചീഫ് വാര്‍ഡന്‍ എന്നിവരുമായി വിഷയത്തില്‍ ചര്‍ച്ച നടത്തി സാഹചര്യങ്ങള്‍ വിലയിരുത്തും. വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടല്ല അവര്‍ വനത്തിലേക്ക് പോയതെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. എന്നാല്‍, നിയമപരമായ വഴി മാത്രം സ്വീകരിക്കുന്നത് എല്ലാ ഘട്ടത്തിലും ഉചിതമാകില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

സംരക്ഷിത വനംമേഖലയില്‍ അതിക്രമിച്ച് കയറിയതിനാണ് ബാബുവിനെതിരേ കേസെടുക്കാന്‍ വനം വകുപ്പ് തീരുമാനിച്ചിരുന്നത്.  ഒരു കൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്ന കേരള ഫോറസ്റ്റ് ആക്റ്റ് സെക്ഷന്‍ 27 പ്രകാരം കേസെടുക്കാനായിരുന്നു തീരുമാനം.

 

Latest News