കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം തട്ടിയെടുക്കാനെത്തിയ അന്തര്‍ജില്ലാ കവര്‍ച്ചാ സംഘത്തിലെ ഏഴു പേരും ഇവര്‍ക്ക് ഒളിത്താവളമൊരുക്കിയ രണ്ട് പേരുമടക്കം ഒമ്പത് പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
മലപ്പുറം നിലമ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തലവനും സംഘവുമാണ് പിടിയിലായത്.നിലമ്പൂര്‍ ചക്കാലക്കുത്ത് തേക്കില്‍ ശതാബ് (40),പിലാത്തോടന്‍ വടപുറം ആരിഫ് (32),തെക്കരത്തൊടിക റനീസ് (32), വണ്ടൂര്‍ വടക്കുംപാടം കാട്ടുപറമ്പത്ത് സുനില്‍(39),വഴിക്കടവ് നാരോക്കാവ് മുരിങ്ങമുണ്ട് പയ്യന്‍കേറില്‍ ജിന്‍സന്‍ വര്‍ഗ്ഗീസ് (29),നിലമ്പൂര്‍ ചന്തക്കുന്ന് തെക്കരത്തൊടിക ഹാരിസ് ബാബു (43),താനൂര്‍ സ്വദേശി സക്കീര്‍,ഇവര്‍ക്ക് കര്‍ണ്ണാടക,വഴിക്കടവ് എന്നിവടങ്ങളിലെ രഹസ്യ കേന്ദ്രത്തില്‍ ഒളിത്താവളമൊരുക്കിയ വണ്ടൂര്‍ കാപ്പില്‍ തൈക്കും പാടം സുനില്‍ ജേക്കബ്(29),തൃക്കെ കുത്ത് രവിശങ്കര്‍(36) എന്നിവരാണ് പിടിയിലായത്.ഇവര്‍ കവര്‍ച്ചക്കായി വന്ന മൂന്ന ആഡംബര വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.ഇതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം 15 ആയി.
കഴിഞ്ഞ 22ന് ഒന്നര കിലോ സ്വര്‍ണവുമായി കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് പുറത്തെത്തിയ യാത്രക്കാരനെ വിമാനത്താവള ടെര്‍മിനലിന് മുമ്പില്‍ വെച്ച് സംഘം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചിരുന്നു.സംഭവം കണ്ട കരിപ്പൂര്‍ പോലിസ് എത്തിയപ്പോഴേക്കും യാത്രക്കാരനടക്കം മൂന്ന് പേര്‍ പിടിയിലായി.മറ്റുള്ളവര്‍ രക്ഷപ്പെടുകയായിരുന്നു.സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. പിടികൂടിയ ശതാബിനെ കാപ്പ ചുമത്തി നാടുകടത്തിയതായിരുന്നു.നിബന്ധനകള്‍ ലംഘിച്ച് നിലമ്പൂരില്‍ എത്തിയ ഇയാള്‍ ഗവ. ആശുപത്രിയില്‍ അതിക്രമിച്ച് കയറി ഡ്യൂട്ടി ഡോക്ടറെ അക്രമിച്ച സംഭവത്തിലും കേസുണ്ട്.തുടര്‍ന്നാണ് മൈസൂരിലേക്ക് കടന്നത്.10 ലേറെ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.സംഘത്തിലെ റനീസ് പലതവണ അനധികൃതമായി ദുബായില്‍ നിന്നും കേരളത്തിലേക്ക് സ്വര്‍ണം കടത്തിയതായും കണ്ടെത്തി.