റിയാദ് - ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറും തവക്കൽനാ ആപ്പും ഒറ്റ ആപ്പിൽ ലയിപ്പിക്കാൻ നീക്കമുണ്ടെന്ന നിലയിൽ പുറത്തുവന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് സാങ്കേതിക കാര്യങ്ങൾക്കുള്ള ആഭ്യന്തര സഹമന്ത്രി ബദ്ർ ബിൻ അബ്ദുല്ല രാജകുമാരൻ പറഞ്ഞു. കഴിഞ്ഞയാഴ്ച റിയാദിൽ സംഘടിപ്പിച്ച ലീപ് സമ്മേളനത്തിൽ പങ്കെടുത്ത് ആഭ്യന്തര മന്ത്രാലയത്തിലെ സഹപ്രവർത്തകരിൽ ഒരാളാണ് അബ്ശിർ പ്ലാറ്റ്‌ഫോമും തവക്കൽനാ ആപ്പും ഒറ്റ ആപ്പിൽ ലയിപ്പിക്കുമെന്ന് പറഞ്ഞത്. ആ വെളിപ്പെടുത്തൽ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മാത്രമാണെന്നും ബദ്ർ ബിൻ അബ്ദുല്ല രാജകുമാരൻ പറഞ്ഞു. അബ്ശിർ പ്ലാറ്റ്‌ഫോമും തവക്കൽനാ ആപ്പും പരസ്പര പൂരകമാണെന്നും ഇവ പരസ്പരം ലയിപ്പിക്കാൻ ഒരുവിധ നീക്കവുമില്ലെന്നും നാഷണൽ ഇൻഫർമേഷൻ സെന്റർ ഡയറക്ടർ ഉസാം അൽവഖീതും പറഞ്ഞു.