Sorry, you need to enable JavaScript to visit this website.

2024 ലെ തെരഞ്ഞെടുപ്പിന്റെ ഗൃഹപാഠങ്ങൾ

യു.പിയിൽ മത്സര രംഗത്തെ പ്രബലരായി വിലയിരുത്തപ്പെടുന്നത് ബി.ജെ.പിയും സമാജ്‌വാദി പാർട്ടിയുമാണ്. മായാവതിയുടെ ബി.എസ്.പി, പ്രിയങ്ക നയിക്കുന്ന  കോൺഗ്രസ് എന്നീ പ്രധാന പാർട്ടികളും മത്സര രംഗത്തുണ്ട്.  2017 ൽ ബി.ജെ.പിക്കും എൻ.ഡി.എക്കും യു.പിയിൽ വലിയ ഭൂരിപക്ഷമുണ്ടായിരുന്നു.  നിലവിൽ ബംഗാൾ, തെലങ്കാന, തമിഴ്‌നാട്, ഒറീസ,  ആന്ധ്രപ്രദേശ്, കേരളം, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, രാജസ്ഥാൻ, ദൽഹി എന്നീ സംസ്ഥാനങ്ങൾ മറ്റു  പാർട്ടികളാണ് ഭരിക്കുന്നത്. ഇവർ ഒരുമിച്ചു നിന്നാൽ പ്രതിപക്ഷത്തിന് അനുകൂലമായി കാര്യങ്ങൾ തിരിക്കാൻ സാധിക്കും. ബി.ജെ.പിക്ക് യു.പി നഷ്ടമായാൽ ഇവർ ഒരുമിച്ച് രംഗത്ത് വരാനും സാധ്യതയുണ്ട്. 


സുപ്രധാനമായ വോട്ടെടുപ്പാണ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ യു.പിയിൽ നടക്കാൻ പോകുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി തെരഞ്ഞെടുപ്പു കാലത്തിന്റെ ഗുണം ഇന്ത്യക്കാർ  അനുഭവിക്കുന്നുണ്ട്. രണ്ടു മാസത്തോളമായി ഇന്ധന വില ഒന്നുമറിയാത്തത്  പോലെ കിടപ്പാണ്. എന്ത് അന്താരാഷ്ട്ര വിപണി? ഏത് ക്രൂഡ് വില? അതിലേറെ പ്രധാനമാണ് യു.പിയിൽ നടക്കുന്ന തെരഞ്ഞെടുപ്പ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിത്.  ഏറ്റവും വലിയ സംസ്ഥാനമായ യു.പി പിടിച്ചാൽ കേന്ദ്ര ഭരണം അതിനൊപ്പം പോരുമെന്നാണ് പാർട്ടികൾ പരമ്പരാഗതമായി വിശ്വസിക്കുന്നത്. യു.പിയിൽ എൺപത് ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. 403 അസംബ്ലി സീറ്റുകളും. 31 രാജ്യസഭാ സീറ്റുകളുള്ള സംസ്ഥാനത്ത് 103 നിയമസഭാ കൗൺസിൽ അംഗങ്ങളുമുണ്ട്. ഇത്രയേറെ സാധ്യതകളുള്ളതിനാലാണ് ദേശീയ രാഷ്ട്രീയത്തിൽ യു.പിക്ക് പ്രാധാന്യമേറുന്നതും. 
70 കളുടെ തുടക്കം വരെ കോൺഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്നു സംസ്ഥാനം. പിന്നീടാണ് പ്രതിപക്ഷ സഖ്യത്തിനുള്ള സാധ്യത സംസ്ഥാനത്ത് തെളിഞ്ഞു വന്നത്. അത് ക്രമേണ ജാതി രാഷ്ട്രീയത്തിന് വഴിമാറി. ഒരു കാലത്ത് കൻഷി റാമിന്റെയും ചരൺ സിംഗിന്റെയും തട്ടകം. മണ്ഡൽ വേളയിൽ ജാതി രാഷ്ട്രീയം ആളിക്കത്തിയെങ്കിലും ഏറെ വൈകാതെ ഹിന്ദുത്വ രാഷ്ട്രീയം യു.പിയിൽ ചുവടുറപ്പിക്കുന്നതാണ് കണ്ടത്. എൽ.കെ. അദ്വാനിയുടെ രഥയാത്രക്ക് ശേഷം യു.പിയുടെ ഭരണം ബി.ജെ.പിക്ക് കൈവന്നു. ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പിക്ക് ക്രമേണ പ്രാധാന്യമേറി. വർഗീയ വികാരമുണർത്തിയുള്ള ബി.ജെ.പി മുന്നേറ്റമാണ് പിന്നീട് കണ്ടത്. ദൽഹി അതിർത്തിക്കടുത്തുള്ള മുസഫർ നഗർ ഒരു പ്രധാന പരീക്ഷണ ശാലയായിരുന്നു. 
 102 ലോക്‌സഭാ മണ്ഡലങ്ങളുള്ള അഞ്ച് സംസ്ഥാന നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.  2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ സ്വന്തം നയപരിപാടികളിൽ പുനഃപരിശോധന നടത്താനും സ്വയം പുതുക്കിപ്പണിയാനും രാഷ്ട്രീയ പാർട്ടികളെ സഹായിക്കുന്ന ഹിതപരിശോധന. ഏറ്റവും വലിയ സംസ്ഥാനമായ യു.പിയിലും കോൺഗ്രസ് ഭരണത്തിലുള്ള മൂന്ന്  സംസ്ഥാനങ്ങളിലൊന്നായ പഞ്ചാബ്, കഴിഞ്ഞ തവണ കോൺഗ്രസ് ഒന്നാമതെത്തിയും ഭരണം ലഭിക്കാതെ പോയ മണിപ്പൂർ, ഗോവ എന്നിവിടങ്ങളിലും ഉത്തരാഖണ്ഡിലുമാണ് തെരഞ്ഞെടുപ്പ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കെന്ന പോലെ കോൺഗ്രസിനും നിർണായകമാണ് നിയമസഭാ വോട്ടെടുപ്പുകൾ. 
സുപ്രധാനമായ വോട്ടെടുപ്പാണ് യു.പിയിലേത്. അടുത്ത ദിവസം പടിഞ്ഞാറൻ യു.പിയിലെ മണ്ഡലങ്ങളിലുള്ളവർ വോട്ട് രേഖപ്പെടുത്തും.  ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശ മാറ്റിയ മുസഫർ നഗർ ഉൾപ്പെടുന്നത് പശ്ചിമ യു.പിയിലാണ്. ജാട്ടുകൾക്കും മുസ്‌ലിംകൾക്കും നല്ല സവാധീനമുള്ള പ്രദേശമാണ് പടിഞ്ഞാറൻ യു.പി. ഇരുപത് ജില്ലകളിലായി നൂറ് അസംബ്ലി സീറ്റുകൾ ഈ മേഖലയിലുണ്ട്. സമുദായം തിരിച്ചുള്ള കണക്കെടുത്താൽ മുസ്‌ലിംകളാണ് ഏറ്റവും കൂടുതൽ -22 ശതമാനം. ദളിതുകൾ 16 ശമാനം, ജാട്ടുകൾ 14 ശതമാനം,  ബ്രാഹ്മണർ എട്ട്  ശതമനം ഠാക്കൂർ അഞ്ച്, ഗുജ്ജർ നാല് ശതമാനം എന്നിങ്ങനെയാണ് കണക്കുകൾ. ഇതിൽ ജാട്ട്, മുസ്‌ലിം വിഭാഗങ്ങൾ ഒരുമിച്ച് നിന്നാൽ തന്നെ ആര് ജയിക്കുമെന്ന് തീരുമാനിക്കാനാവും. പടിഞ്ഞാറൻ യു.പിയിൽ വിജയിക്കുന്നവർക്ക് സംസ്ഥാന ഭരണം ലഭിക്കുമെന്നതായിരുന്നു വിശ്വാസം. ഇതിന് ഇളക്കം വന്ന തെരഞ്ഞെടുപ്പായിരുന്നു 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്. മാസങ്ങൾക്കപ്പുറം അരങ്ങേറിയ മുസഫർ നഗർ കലാപം മുസ്‌ലിം - ജാട്ട് വിഭാഗങ്ങളെ അകറ്റി. രാഷ്ട്രീയ സമവാക്യങ്ങൾ മാറുകയായിരുന്നു ഫലം. അതിനാണ് വീണ്ടും മാറ്റം വന്നിരിക്കുന്നത്. കർഷക സമരത്തിന്റെ കെടുതികൾ ഏറെ അനുഭവിച്ച പശ്ചിമ യു.പിയിൽ ജാട്ടുകളും മുസ്‌ലിംകളും തമ്മിൽ അകൽച്ചയില്ല. ഈ വസ്തുതയാണ് ബി.ജെ.പിയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നത്. ഇതിലാണ് അഖിലേഷ് യാദവ് നേതൃത്വം നൽകുന്ന സമാജ്‌വാദി പാർട്ടിയുടെ പ്രതീക്ഷയും. മുലായം സിംഗ് യാദവിന്റെ കാലം മുതലേ യാദവ-മുസ്‌ലിം ഐക്യമായിരുന്നു ഈ കക്ഷിയുടെ വോട്ട് ബാങ്കിന്റെ അടിസ്ഥാനം. 
യു.പിയിൽ മത്സര രംഗത്തെ പ്രബലരായി വിലയിരുത്തപ്പെടുന്നത് ബി.ജെ.പിയും സമാജ്‌വാദി പാർട്ടിയുമാണ്. മായാവതിയുടെ ബി.എസ്.പി, പ്രിയങ്ക നയിക്കുന്ന  കോൺഗ്രസ് എന്നീ പ്രധാന പാർട്ടികളും മത്സര രംഗത്തുണ്ട്.  2017 ൽ ബി.ജെ.പിക്കും എൻ.ഡി.എക്കും യു.പിയിൽ വലിയ ഭൂരിപക്ഷമുണ്ടായിരുന്നു.  നിലവിൽ ബംഗാൾ, തെലങ്കാന, തമിഴ്‌നാട്, ഒറീസ,  ആന്ധ്രപ്രദേശ്, കേരളം, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, രാജസ്ഥാൻ, ദൽഹി എന്നീ സംസ്ഥാനങ്ങൾ മറ്റു  പാർട്ടികളാണ് ഭരിക്കുന്നത്. ഇവർ ഒരുമിച്ചു നിന്നാൽ പ്രതിപക്ഷത്തിന് അനുകൂലമായി കാര്യങ്ങൾ തിരിക്കാൻ സാധിക്കും. ബി.ജെ.പിക്ക് യു.പി നഷ്ടമായാൽ ഇവർ ഒരുമിച്ച് രംഗത്ത് വരാനും സാധ്യതയുണ്ട്. 
കോൺഗ്രസിന്റെ പ്രതാപകാലത്ത് പാർട്ടിക്ക് കൂടുതൽ ജനപ്രതിനിധികളെ ജയിപ്പിക്കാനായ സംസ്ഥാനമാണ് യു.പി. 2019 ഫെബ്രുവരി 4 ന് കിഴക്കൻ ഉത്തർ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം ദേശീയ ശ്രദ്ധ ആകർഷിച്ച ഒരുപാട് ഇടപെടലുകൾ പ്രിയങ്ക നടത്തി.  2020 സെപ്റ്റംബർ 11 മുതൽ ഉത്തർ പ്രദേശിന്റെ മുഴുവൻ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക. രണ്ടാഴ്ച മുമ്പ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യു.പിയുടെ കാര്യങ്ങൾ പറയുമ്പോൾ താരതമ്യം ചെയ്തത് കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളുമായാണ്. ഈ മൂന്ന് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കാൻ തന്റെ സംസ്ഥാനത്തിന് സാധിച്ചുവെന്ന് അദ്ദേഹം അവകാശപ്പെടുന്നു. വളർച്ചാ നിരക്കിന്റെ കാര്യത്തിലും യു.പി വ്യത്യസ്തമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏറ്റവും പിന്നോക്കം നിന്നിരുന്ന സംസ്ഥാനങ്ങളിലൊന്നാണ് യു.പി. ഈ പറഞ്ഞത് കാര്യമെങ്കിൽ രണ്ടു നിലയ്ക്ക് ആഹ്ലാദിക്കാം. ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുരടിപ്പ് മാറി. ആരാധനാലയങ്ങളുടെ കാര്യമല്ലാതെ മനുഷ്യ ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളും മുതിർന്ന ബി.ജെ.പി നേതാവ് സംസാരിച്ചു തുടങ്ങിയിരിക്കുന്നു. കർഷക പ്രക്ഷോഭം എന്തെന്ത് മാറ്റങ്ങൾ വരുത്തിയെന്നറിയാൻ വോട്ടെണ്ണുന്നത് വരെ കാത്തിരിക്കാം. 


 

Latest News