പത്തനംതിട്ട- സിനിമ റെപ്രസെന്റേറ്റീവായിരുന്ന ചാക്കോയെ കൊലപ്പെടുത്തിയ കേസില്‍ 38 വര്‍ഷമായി അന്വേഷിക്കുന്ന പ്രതി സുകുമാരക്കുറുപ്പ് സന്യാസിയായി ജീവിച്ചിരിപ്പുണ്ടെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊരുങ്ങുന്നു. മുഖ്യമന്ത്രിക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റിന്റെ അന്വേഷണ നീക്കം.
15 വര്‍ഷം മുമ്പ് അദ്ദേഹവുമായി ഒരു മാസത്തോളം ഗുജറാത്തില്‍ സൗഹൃദത്തിലായിരുന്നുവെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്ന പത്തനംതിട്ട ബിവറേജസ് ഷോപ്പ് മാനേജര്‍ റെന്‍സീം ഇസ്മായിലാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. ഗുജറാത്തിലെ ആശ്രമത്തില്‍ കഴിഞ്ഞിരുന്ന സന്യാസിയെ കഴിഞ്ഞ ഡിസംബറില്‍ ഒരു ബ്്‌ളോഗിലെ വീഡിയോയില്‍ വീണ്ടും കണ്ടുവെന്നാണ് റെന്‍സീം പറയുന്നത്.
15 വര്‍ഷം മുമ്പ് ഗുജറാത്തില്‍ സ്‌കൂള്‍ അധ്യാപകനായിരുന്നപ്പോഴാണ് റെന്‍സീം സുകുമാരക്കുറുപ്പിനെ കണ്ടതായി വെളിപ്പെടുത്തിയിരുന്നത്. അന്ന് സുകുമാരക്കുറുപ്പിന്റെ ഫോട്ടോ കൊണ്ടുപോയി ആശ്രമത്തില്‍ കാണിച്ചപ്പോള്‍ നമ്മുടെ മലയാളി സ്വാമിയെന്ന് മഠാധിപതി അടക്കമുള്ളവര്‍ പറഞ്ഞിരുന്നുവത്രെ. ഇതനുസരിച്ച് ആലപ്പുഴയിലെത്തി പോലീസിനെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിരുന്നില്ല.
തന്റെ പക്കലുള്ള തെളിവുകള്‍ റെന്‍സീം ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയിട്ടുണ്ട്. ഇത് വിശകലംചെയ്തശേഷം അന്വേഷണസംഘം ഗുജറാത്തിലേക്ക് പുറപ്പെടുമെന്നാണ് സൂചന.
2007ല്‍ ഈഡര്‍ സദാപുരയിലെ ആശ്രമത്തിലാണ് സന്യാസി വേഷത്തില്‍ സുകുമാരക്കുറുപ്പ് താമസിച്ചിരുന്നത്. തൊട്ടടുത്ത കടയില്‍ ചായ കുടിക്കന്‍ പോയപ്പോഴാണ് മലയാളി വേഷത്തില്‍ സന്യാസിയെ കണ്ടപ്പോള്‍ പരിചയപ്പെട്ടതെന്നും ശങ്കര ഗിരിഗിരി എന്നാണ് പേരെന്നും റെന്‍സീം പറയുന്നു.
തുടര്‍ന്ന് സുഹൃത്തുക്കളായെന്നും സംസ്‌കൃതം, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, അറബി, മലയാളം ഭാഷകള്‍ അദ്ദേഹം സംസാരിച്ചിരുന്നുവെന്നും റെന്‍സീം പറയുന്നു. ഗള്‍ഫില്‍ ജോലി ചെയ്തിരുന്നതായും ഭാര്യയും മക്കളും അപകടത്തില്‍ മരിച്ചശേഷമാണ് നാട് വിട്ടതാണെന്നുമാണ് പറഞ്ഞിരുന്നത്. ആ വര്‍ഷം അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ സുകുമാരക്കുറുപ്പ് വിഷയം വലിയ ചര്‍ച്ചയായിരുന്നു. സുകുമാരക്കുറുപ്പിന്റെ ഫോട്ടോ നോക്കിയപ്പോള്‍ ഞാന്‍ കണ്ട സ്വാമിയുടെ അതേമുഖം. അങ്ങനെയാണ് ഫോട്ടോ കൊണ്ടുപോയി അവിടെയുള്ളവരെ കാണിച്ചത്. അപ്പോഴേക്കും അയാള്‍ അവിടെനിന്ന് ബെംഗളൂരുവിലേക്കെന്നു പറഞ്ഞ് അപ്രത്യക്ഷനായിരുന്നു.
നാട്ടിലെത്തി ആലപ്പുഴ എസ്.പിയെ അറിയിച്ചെങ്കിലും തുടരന്വേഷണം ഉണ്ടായില്ല. 2010ല്‍ ബിവറേജസില്‍ ജോലി കിട്ടിയതിനെ തുടര്‍ന്നാണ് റെന്‍സീം ഗുജറാത്തില്‍ മടങ്ങിയത്.