തിരുവനന്തപുരം- ജനാധിപത്യ മൂല്യങ്ങളുടെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും കടയ്ക്കൽ കത്തിവെച്ച് കേന്ദ്രം മീഡിയ വൺ ചാനലിനു മേൽ ചുമത്തിയ വിലക്കിനെതിരെ പോരാട്ടം തുടരുമെന്നു കേരള പത്രപ്രവർത്തക യൂനിയൻ.
കേന്ദ്ര സർക്കാർ എത്ര തന്നെ കപടന്യായങ്ങൾ നിരത്തിയാലും മാധ്യമങ്ങളുടെ വായ അടപ്പിക്കാനുള്ള ഭരണകൂട ശ്രമങ്ങളുടെ ഭാഗമായി മാത്രമേ ചാനൽ വിലക്കിനെ കാണാനാവൂ. ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളിക്കും ജനാധിപത്യാവകാശ നിഷേധത്തിനും നീതിപീഠം തടയിടുമെന്നായിരുന്നു പ്രതീക്ഷ. പ്രാഥമിക ഘട്ടത്തിൽ അതിനു തിരിച്ചടിയേറ്റെങ്കിലും അന്തിമമായി നീതിയുടെ വെളിച്ചം പുലരുമെന്ന് തീർച്ചയാണ്. പ്രത്യേകിച്ച് ഒരു കാരണവും ചൂണ്ടിക്കാണിക്കാതെ സുരക്ഷാ പ്രശ്‌നങ്ങൾ എന്ന് മാത്രം പറഞ്ഞു ചാനലിന് വിലക്ക് കൽപിച്ച കേന്ദ്ര ഭരണകൂടം കോടതിയിൽ പോലും അതു തുറന്നു പറയാൻ തയാറായിട്ടില്ല എന്നതു നിഗൂഢത സൃഷ്ടിക്കുന്ന നടപടിയാണ്. മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ പോന്ന എന്തു സുരക്ഷാ പ്രതിസന്ധിയാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നോ സുരക്ഷാ വിഷയത്തിൽ എന്തു ഭീഷണിയാണ് മീഡിയ വൺ സൃഷ്ടിച്ചതെന്നോ ജനസാമാന്യത്തിന് ഇനിയും വ്യക്തമായിട്ടില്ല. അപ്രഖ്യാപിത അടിയന്തരാവസ്ഥക്കും മാധ്യമ വേട്ടക്കുയ്‌മെതിരെ നിയമപോരാട്ടവും ജനകീയബോധവൽക്കരണവുമായി മുന്നോട്ടു പോകും.
രാജ്യത്തിന്റെ നിലനിൽപ്പിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന മുഴുവൻ പൗരസമൂഹവും ഈ അനീതിക്കെതിരെ ഒരു മനസ്സായി അണിനിരക്കേണ്ടതുണ്ട്. മാധ്യമസമൂഹം ഒന്നാകെ മീഡിയ വണ്ണിനും തൊഴിലാളികൾക്കുമൊപ്പം ഐക്യദാർഡ്യപ്പെടുന്നതായി യൂനിയൻ പ്രസിഡന്റ് കെ.പി. റജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും അറിയിച്ചു.
വിഷയത്തിൽ പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ രാജ്ഭവനു മുന്നിൽ പ്രതിഷേധാഗ്‌നി സംഘടിപ്പിച്ചു. വെള്ളയമ്പലം ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം രാജ്ഭവനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് പ്രതിഷേധ ദീപശിഖ തെളിച്ചു. പ്രതിഷേധ യോഗം എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ, സി.പി.ഐ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, കെ.യു.ഡബ്ലിയു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, മീഡിയ വൺ ബ്യൂറോ ചീഫ് സാജു എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി രാജേഷ് രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു. ക്ലബ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ എ.വി. മുസാഫിർ, സജിത് വഴയില എന്നിവർ നേതൃത്വം നൽകി.