കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നു എയര്‍ ബബ്ള്‍ കരാര്‍ പ്രകാരം സൗദി അറേബ്യയിലേക്ക് ഫ്‌ളൈ നാസ് സര്‍വീസിന് തുടക്കമായി. കരിപ്പൂര്‍- റിയാദ് സെക്ടറിലാണ് വിമാനം സര്‍വീസ് തുടങ്ങിയത്. നേരത്തെയുണ്ടായിരുന്ന സര്‍വീസ് കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു.
റിയാദില്‍നിന്ന് 86 യാത്രക്കാരുമായാണ് രാവിലെ 7.26ന് വിമാനം കരിപ്പൂരിലെത്തിയത്. എയര്‍പോര്‍ട്ട് അതോറിറ്റി വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. കരിപ്പൂരില്‍ നിന്ന് ആറ് കുട്ടികള്‍ ഉള്‍പ്പെടെ 179 യാത്രക്കാരുമായാണ് വിമാനം റിയാദിലേക്ക് തിരിച്ചു പറന്നത്.
കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ ആര്‍. മഹാലിംഗം വിളക്ക് തെളിയിച്ചു. ഫ്‌ളൈ നാസ് എയര്‍പോര്‍ട്ട് മാനേജര്‍ കെ.പി. ഹാനി,ഫ്‌ളൈ നാസ് സെക്യൂരിറ്റി ഓഫീസര്‍ മബൂദ്, എ.ഐ.ടി.എസ്.എല്‍, എയര്‍ഇന്ത്യ, ടെര്‍മിനല്‍, സി.ഐ.എസ്.എഫ് ഡ്യൂട്ടി ഓഫിസര്‍ സംബന്ധിച്ചു. ചൊവ്വ, വെളളി, ഞായര്‍ ദിവസങ്ങളിലാണ് വിമാനം റിയാദിലേക്ക് സര്‍വീസ് പ്രഖ്യാപിച്ചിട്ടുള്ളത്.