Sorry, you need to enable JavaScript to visit this website.

കരിപ്പൂരില്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഘത്തില്‍ നാലു പേര്‍ അറസ്റ്റില്‍

കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ അന്തര്‍ജില്ലാ കവര്‍ച്ചാ സംഘത്തിലെ നാലു പേര്‍ പിടിയിലായി. മലപ്പുറം കോഡൂര്‍ താണിക്കല്‍ സ്വദേശി അമിയാന്‍ വീട്ടില്‍ ഷംനാദ് ബാവ (കരി ബാവ26), തിരൂര്‍ നിറമരുതൂര്‍ സ്വദേശി അരങ്ങത്തില്‍ ഫവാസ് (26), താനാളൂര്‍ കമ്പനി പടി സ്വദേശി പള്ളിയാളിത്തൊടി മുഹമ്മദ് യഹിയ(26), പാലക്കാട് ഒറ്റപ്പാലം ചാത്തന്‍ പിലാക്കല്‍ സല്‍മാന്‍ ഫാരിസ് (24) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നായി പിടികൂടിയത്. ഇവരെത്തിയ ആഡംബര വാഹനവും പിടിച്ചെടുത്തു.
ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് കൊടുവള്ളി സ്വദേശികളേയും രണ്ടാഴ്ച മുന്‍പ് അറസ്റ്റു ചെയ്തിരുന്നു.     സ്വര്‍ണം അനധികൃതമായി കടത്തിയതിന് കസ്റ്റംസും കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം അഞ്ചിനാണ് കേസിനാസ്പദമായ സംഭവം.
സ്വര്‍ണം ഒളിപ്പിച്ച് കടത്തിയ യാത്രക്കാരനെ വിമാനത്താവള ടെര്‍മിനലിന് മുമ്പില്‍ ആക്രമിച്ച് സ്വര്‍ണം തട്ടിയെടുക്കാനായിരുന്നു സംഘത്തിന്റെ ശ്രമം. എന്നാല്‍ സമയോചിതമായി പോലീസ് ഇടപെട്ടതോടെ സംഘത്തിലെ രണ്ട് പേരെ പിടികൂടി. യാത്രക്കാരനില്‍നിന്ന് 1.02 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. പിടികൂടിയ ഷംനാദ് ബാവയുടെ പേരില്‍ മണല്‍കടത്ത് തടയാനെത്തിയ പോലിസുകാരെ അക്രമിക്കല്‍, വ്യാജ സ്വര്‍ണം പണയം വെക്കല്‍, അനധികൃത മണല്‍കടത്ത് ഉള്‍പ്പെടെ 10 ഓളം കേസിലെ പ്രതിയാണ്. സ്വര്‍ണ വ്യാപാരിയെ തട്ടികൊണ്ടു പോയി കവര്‍ച്ച ചെയ്തത് ഉള്‍പ്പെടെ നിരവധി കവര്‍ച്ചാ കേസിലെ പ്രതിയാണ് സല്‍മാന്‍ ഫാരിസ്.
കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. മലപ്പുറം ജില്ലാ പോലിസ് മേധാവി സുജിത്ത് ദാസിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഡിവൈ.എസ്.പി അഷറഫ്, കരിപ്പൂര്‍ ഇന്‍സ്‌പെക്ടര്‍ ഷിബു, കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘങ്ങളായ,സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്,അസീസ്, പ്രമോദ്, ഉണ്ണികൃഷ്ണന്‍, സഞ്ജീവ്,രതീഷ്,കൃഷ്ണകുമാര്‍,മനോജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

 

 

Latest News