കൊട്ടിയം- ഉത്സവാഘോഷത്തിനിടെ സ്ത്രീകളെ ശല്യം ചെയ്തയാള്‍, പിടികൂടാനെത്തിയ വനിതാ എസ്‌ഐയെയും പോലീസ് ഉദ്യോഗസ്ഥനെയും ആക്രമിച്ചു പരിക്കേല്‍പിച്ചു. കൊട്ടിയം പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ശ്യാമയ്ക്കും മറ്റൊരു ഉദ്യോഗസ്ഥനുമാണു പരുക്കേറ്റത്. മര്‍ദിക്കുകയും കടിച്ചു മുറിവേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. പന്നിമണ്‍ തൊടിയില്‍ വീട്ടില്‍ നന്ദനാണ് ആക്രമിച്ചത്.
ഇന്നലെ രാത്രി 8.30ന് ഉമയനല്ലൂര്‍ പന്നിമണ്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചാണ് അക്രമം ഉണ്ടായത്. മദ്യലഹരിയില്‍ ഇവിടെ എത്തിയ നന്ദന്‍ സ്ത്രീകളെ ശല്യം ചെയ്യുന്നതായി നാട്ടുകാര്‍ കൊട്ടിയം പോലീസിനെ ഫോണില്‍ വിളിച്ചു പരാതിപ്പെട്ടു. സംഭവസ്ഥലത്ത് എത്തിയ എസ്‌ഐയും പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നു കസ്റ്റഡിയിലെടുത്തതോടെ നന്ദന്‍ പ്രകോപിതനായി ആക്രമിക്കുകയായിരുന്നു. പിന്നീട് കൂടുതല്‍ പോലീസ് എത്തി ഇയാളെ സ്‌റ്റേഷനിലേക്കു കൊണ്ടുപോയി.