തൃശൂർ - അതിരപ്പള്ളിയിൽ അഞ്ചു വയസുകാരിയെയും അച്ഛനെയും മുത്തച്ഛനെയും കാട്ടാന ആക്രമിച്ചത് കുടുംബം മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിവരുന്നതിനിടെ. മാള പുത്തൻചിറ സ്വദേശി കാച്ചാട്ടിൽ നിഖിലിന്റെ മകൾ ആഗ്‌നിമിയയാണ് (5) കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് ആറരയോടെയാണ് സംഭവം. കണ്ണംകുഴിയിൽ ഇവരുടെ വീടിന് സമീപത്ത് നിന്നും അൽപം മാറിയാണ് ഒറ്റയാന്റെ ആക്രമണമുണ്ടായത്. ബൈക്കിൽ വരുന്നതിനിടെ ആനയെ കണ്ട് വീട്ടുകാർ ചിതറി ഓടുന്നുന്നതിനിടയിൽ കുട്ടിയെ ആന ആക്രമിക്കുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ അച്ഛൻ നിഖിലിനും (36) ഭാര്യാപിതാവ് വെറ്റിലപ്പാറ സ്വദേശി നെടുമ്പം വീട്ടിൽ
ജയനും (50) പരിക്കേറ്റു. മൂന്ന് പേരെയും നാട്ടുകാർ ചേർന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ആഗ്‌നിമിയ മരിച്ചിരുന്നു. മരണാന്തര ചടങ്ങിൽ പങ്കെടുക്കാനായി ജയന്റെ വീട്ടിലെത്തിയതാണ് ഇവർ. മൂവരും ബൈക്കിൽ പോകുന്നതിനിടെ കണ്ണംകുഴി പാലത്തിന് സമീപത്ത് വച്ച് പ്ലാന്റേഷൻ തോട്ടത്തിൽ നിന്നുമെത്തിയ ആന റോഡിലിറങ്ങുകയും ആക്രമിക്കുകയുമായിരുന്നു. തുമ്പികൈ കൊണ്ടടിയേറ്റ ആഗ്‌നിമിയ റോഡിലേക്ക് തെറിച്ചുവീണു.
ബൈക്കിൽ വരികയായിരുന്ന നിഖിലും ഭാര്യ പിതാവ് ജയനും ആഗ്‌നിമിയയും ആനയെ കണ്ടതോടെ ബൈക്ക് നിർത്തി. ആന ഇവർക്ക് നേരെ തിരിഞ്ഞതോടെ മൂന്നുപേരും ചിതറിയോടി. ഓടുന്നതിനിടയിൽ കുട്ടിയെ ആന ആക്രമിച്ചു. തലയ്ക്ക് ചവിട്ടേറ്റ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് നിഖിലിനും ജയനും പരിക്കേറ്റത്.