നെടുമ്പാശ്ശേരി- കൊച്ചി വിമാനത്താവളത്തിലെ റാപിഡ് പി സി ആര്‍ പരിശോധനയിലെ പിഴവ് മൂലം വിദേശയാത്ര മുടങ്ങുന്നുവെന്ന പരാതികള്‍ വര്‍ധിക്കുന്നു. പുറമെയുള്ള ലാബുകളില്‍ പലവട്ടം പരിശോധിച്ച് ഫലം നെഗറ്റീവാണെന്ന് ഉറപ്പാക്കിയ ശേഷം വിമാനത്താവളത്തിലെത്തി നടത്തുന്ന റാപ്പിഡ് പി.സി.ആര്‍ പരിശോധനയില്‍ പോസിറ്റീവാകുന്നതോടെയാണ് യാത്ര മുടങ്ങുന്നത്.
ഇത്തരത്തില്‍ യാത്ര മുടങ്ങിയ നിരവധി പേരാണ് പല ദിവസങ്ങളിലായി പരാതിയുമായി എത്തുന്നത്. ചങ്ങനാശേരി മാന്താനം സ്വദേശി വേണുഗോപാലും ഭാര്യ ബിജിയുമാണ് പരിശോധനയിലെ പിഴവ് മൂലം യാത്ര മുടങ്ങിയെന്ന പരാതിയുമായി അവസാനമായി രംഗത്തെത്തിയത്.
ദുബായിലേക്ക് പോകാന്‍ ടിക്കറ്റെടുക്കുന്നതിന് മുന്‍പ് ഇരുവരും കഴിഞ്ഞ ഫെബ്രുവരി ഒന്നിന്ന് ചങ്ങനാശേരിയിലെ മൈക്രോ ലാബില്‍ പരിശോധിച്ച് കോവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പാക്കി. അഞ്ചാം തീയതി ദുബായിലേക്ക് പോകാനുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്രയുടെ തലേനാള്‍ വീണ്ടും പരിശോധിച്ച് ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പാക്കി. എന്നാല്‍ അഞ്ചാം തീയതി വിമാനത്താവളത്തിലെത്തി പരിശോധിച്ചപ്പോള്‍ ഫലം പോസിറ്റീവ് ആയതോടെ യാത്രമുടങ്ങി. തിരിച്ചെത്തി വീണ്ടും ചങ്ങനാശേരിയിലെ ലാബില്‍ പരിശോധന നടത്തിയപ്പോള്‍ നെഗറ്റീവ്.
വിമാനത്താവളത്തില്‍ പരിശോധന നടത്തുന്ന ലാബില്‍ ഗുരുതര പിഴവുണ്ടെന്നാണ് യാത്രക്കാര്‍ ആരോപിക്കുന്നത്. യാത്ര മുടങ്ങുന്നതോടെ ടിക്കറ്റ് ചാര്‍ജിലെ അധിക പണവും യാത്രാ ചെലവുമായി വലിയ നഷ്ടമാണ് യാത്രക്കാര്‍ നേരിടുന്നത്. വിമാനത്താവളത്തിലെ കോവിഡ് പരിശോധനാ നിരക്ക് പുറത്തുള്ളതിന്റെ അഞ്ചിരട്ടിയാണെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നുണ്ട്. എന്നാല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് മറ്റിടങ്ങളില്‍ എന്ന പോലെ വിമാനത്താവളത്തിലും 500 രൂപയാണ് ഈടാക്കുന്നതെന്നും റാപിഡ് പി.സി.ആര്‍ പരിശോധനയ്ക്കാണ് 2490 രൂപ ഈടാക്കുന്നതെന്നുമാണ് സിയാല്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. രണ്ടും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കാണ്.
ദുബായ് സുപ്രീം കൗണ്‍സില്‍ ഫോര്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം യു.എ.ഇ യിലേയ്ക്ക് പോകുന്നവര്‍ക്ക് ഈ പരിശോധന നിര്‍ബന്ധമാണ്. റാപിഡ് പി.സി.ആര്‍ പരിശോധനാഫലം 30 മിനിട്ടുകള്‍ക്കുള്ളില്‍ ലഭിക്കും. ഒരു യന്ത്രത്തില്‍ ഒരേസമയം ഒരു സ്വാബ് സാംപിള്‍ മാത്രമേ പരിശോധിക്കാനാകൂ. അതായത് മണിക്കൂറില്‍ 300 യാത്രക്കാരെ പരിശോധിക്കണമെങ്കില്‍ 150 യന്ത്രങ്ങള്‍ ഉണ്ടായിരിക്കണം. അതുകൊണ്ടുതന്നെ സാധാരണ ആര്‍.ടി.പി.സി.ആര്‍ പരിശോധനയെ അപേക്ഷിച്ച് റാപിഡ് പി.സി.ആര്‍ പരിശോധന ചെലവേറിയതാണെന്നാണ് സിയാലിന്റെ വിശദീകരണം. റാപിഡ് പി.സി.ആറിന് കൃത്യത വളരെകൂടുതലാണ്. സാംപിളിലുള്ള വളരെ നേരിയ വൈറസ് സാന്നിധ്യം പോലും ഇതിലൂടെ തിരിച്ചറിയാം.
ഒന്നാം ദിനം പോസിറ്റീവ് ആയ ആള്‍ക്ക് എട്ടാം ദിനം ആര്‍.ടി.പി.സി.ആര്‍ ചെയ്താല്‍ നെഗറ്റീവ് ആകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ റാപിഡ് പി.സി.ആര്‍ ചെയ്താല്‍ അതീവ ചെറിയ അളവിലുള്ള വൈറസ് സാന്നിധ്യം തിരിച്ചറിയപ്പെടുകയും പോസിറ്റീവ് റിസല്‍ട്ട് നല്‍കുകയും ചെയ്യും. ഏറെക്കുറെ പൂര്‍ണമായും വൈറസ് സാന്നിധ്യമില്ലാതാകാന്‍ പതിനാല് ദിനമെങ്കിലും കഴിയണം. ഒന്നാം ദിനം പോസിറ്റീവ് ആകുന്നയാള്‍ എട്ടാംദിനം ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവും റാപിഡ് പി.സി.ആര്‍ പോസിറ്റീവും ആകുന്നതിന്റെ കാരണമിതാണെന്നാണ് ലാബുകളുടെ വിശദീകരണം എന്ന അടിക്കുറിപ്പോടെ സിയാല്‍ അധികൃതര്‍ നല്‍കിയ പ്രസ്താവന.