മലപ്പുറം- ജില്ലയിലെ മലയോര മേഖലയിൽ വനാതിർത്തി നിർണയത്തിന്റെ പേരിൽ വനം വകുപ്പ് സ്വകാര്യ ഭൂമി ഒഴിപ്പിക്കുന്നതിനെതിരെ സി.പി.എം ജില്ലാ കമ്മിറ്റി രംഗത്തെത്തി. ചുങ്കത്തറ, പോത്തുകല്ല് പഞ്ചായത്തുകളിൽ കൃഷി ഭൂമിയും താമസ സ്ഥലങ്ങളും ഒഴിപ്പിക്കാൻ വനം വകുപ്പ് നടത്തുന്ന നീക്കങ്ങൾക്കെതിരെ സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് വനം മന്ത്രി എ.കെ. ശശീന്ദ്രന് കത്തയച്ചു. ഭൂമി ഒഴിപ്പിക്കൽ നിർത്തിവെക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ മന്ത്രി ഉടൻ ഇടപെടണമെന്നും വനം, റവന്യൂ വകുപ്പുകൾ ചേർന്നുള്ള സംയുക്ത പരിശോധന എത്രയും വേഗം പൂർത്തിയാക്കി കൃഷിക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
50 വർഷത്തിലേറെയായി കൈവശം വെക്കുന്നതും പട്ടയമുള്ളതും നികുതി അടക്കുന്നതുമായ ഭൂമി കൈയേറിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പ് ഭൂമി ഒഴിപ്പിക്കുന്നത്. കൃഷി ചെയ്ത ഉൽപന്നങ്ങൾ വിളവെടുക്കുന്നതിനും റബർ ഉൾപ്പെടെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനും ചില ഉദ്യോഗസ്ഥർ തടസ്സം സൃഷ്ടിക്കുന്നതായും പരാതിയുണ്ട്. 1986 ഓഗസ്റ്റ്് 31 ലെ സർക്കാർ ഉത്തരവു പ്രകാരം 1977 ജനുവരി ഒന്നിന് മുമ്പുള്ള കുടിയേറ്റ കർഷകർക്കു കൈവശ രേഖകൾ നൽകാൻ തീരുമാനമെടുത്തിട്ടുണ്ട്. ഇതിനായി വനം, റവന്യൂ വകുപ്പുകൾ ചേർന്നു സംയുക്ത പരിശോധന നടത്താനും തീരുമാനിച്ചിരുന്നു. എന്നാൽ, പരിശോധന ഇതുവരെ പൂർണമായിട്ടില്ല.
ഇതിനാൽ 1972 ന് മുമ്പ് വീടും വീട്ടുനമ്പറുമുള്ള നിരവധി കുടുംബങ്ങൾ വെരിഫിക്കേഷൻ നടപടികളിൽ ഉൾപ്പെടാതെ പോയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ കർഷകരുടെ ആശങ്ക പരിഹരിക്കാൻ മന്ത്രി ഉടൻ ഇടപെടണമെന്ന് കത്തിൽ ഇ.എൻ. മോഹൻദാസ് ആവശ്യപ്പെട്ടു.