അവിഹിതം ഭാര്യ കൈയോടെ പിടിച്ചു; ആത്മഹത്യാ നാടകം നടത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍

പയ്യന്നൂര്‍ - വീട്ടില്‍ വെച്ച് യുവതിയുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടുകയും ഭാര്യ കൈയ്യോടെ പിടിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യാ നാടകം നടത്തുകയും ചെയ്ത പോലീസുകാരന് സസ്‌പെന്‍ഷന്‍. പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഓഫീസര്‍ ഏഴിലോട് അറത്തിപ്പറമ്പ് സ്വദേശി പി.ആര്‍. ഷിജുവിനെയാണ് ജില്ലാ പോലീസ് മേധാവി സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
ഈ വിഷയം സോഷ്യല്‍ മീഡിയയില്‍  വൈറലായിരുന്നു.
                      ഔദ്യോഗിക ചുമതല്ക്കിടെ സ്വഭാവദൂഷ്യവും അച്ചടക്കലംഘനവും കാണിച്ചതിനാണ് സസ്‌പെന്‍ഷന്‍. ഭര്‍ത്താവും ബ്യൂട്ടീഷനുമായുള്ള അവിഹിത ബന്ധം ഭാര്യ തന്നെയാണ് കൈയ്യോടെ പിടിച്ചത്. ഇവര്‍ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. അപ്രതീക്ഷിതമായി വീട്ടിലെത്തിയ ഭാര്യ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരം നല്‍കുകയായിരുന്നു.
ഉഭയസമ്മത പ്രകാരമായിരുന്നു ബന്ധമെന്ന നിലയില്‍ കേസെടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് താക്കീതു ചെയ്തു വിട്ടയച്ചു. ഭാര്യ, വീട്ടില്‍ നിന്ന് തിരികെ പോയതിനു ശേഷം ഇയാള്‍ കിടപ്പറയിലെ ഫാനില്‍ കുരുക്കിട്ട് അതില്‍ തല കുരുക്കിയ ശേഷം ഫോട്ടോയെടുത്ത് ഭാര്യയുടെ വാട്‌സ് ആപ്പിലേക്ക് അയച്ചു. ഭാര്യ ഉടന്‍ വിവരം അടുത്തുള്ള പരിയാരം മെഡിക്കല്‍ കോളേജ് പോലീസില്‍ അറിയിച്ചു. അവര്‍ കുതിച്ചെത്തിയപ്പോള്‍, ഭര്‍ത്താവ് വീട്ടുവരാന്തയില്‍ ആഴ്ച്ച പതിപ്പ് വായിച്ചിരിക്കുന്നതാണ് കണ്ടത്.
               ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ മാധ്യമവാര്‍ത്തയായത് പോലീസിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്ന് ബോധ്യമായതിനെതുടര്‍ന്നാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. പയ്യന്നൂര്‍ ഡിവൈ.എസ്.പി. കെ.ഇ.പ്രേമചന്ദ്രന്‍, ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ ഇതു സംബന്ധിച്ച്  സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

 

Latest News