Sorry, you need to enable JavaScript to visit this website.

സ്വകാര്യമേഖലയില്‍ സൗദി ജീവനക്കാര്‍ 19 ലക്ഷം കവിഞ്ഞു; കഴിഞ്ഞ വര്‍ഷം നാലു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചു

റിയാദ് - കഴിഞ്ഞ വര്‍ഷം നാലു ലക്ഷത്തോളം സ്വദേശി യുവതീയുവാക്കള്‍ പുതുതായി തൊഴില്‍ വിപണിയില്‍ പ്രവേശിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്‌മദ് അല്‍റാജ്ഹി പറഞ്ഞു. വിഷന്‍ 2030 പദ്ധതിയില്‍ പങ്കാളിത്തം വഹിക്കാനുള്ള സ്വദേശികള്‍ക്കുള്ള താല്‍പര്യത്തിന്റെ സൂചനയാണിത്. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ വര്‍ഷം 32 സൗദിവല്‍ക്കരണ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. ഡെന്റല്‍ മെഡിസിന്‍, എന്‍ജിനീയറിംഗ്, ലോയര്‍ പോലുള്ള മികച്ച തൊഴില്‍ മേഖലകളിലേക്കും കഴിഞ്ഞ വര്‍ഷം സൗദിവല്‍ക്കരണം വ്യാപിപ്പിച്ചു.
സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാര്‍ 19 ലക്ഷം കവിഞ്ഞിട്ടുണ്ട്. ദേശീയ സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളിലും സ്വദേശി ജീവനക്കാര്‍ വിജയം കൈവരിച്ചതായി ഇത് സ്ഥിരീകരിക്കുന്നു. സൗദിവല്‍ക്കരണ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ സ്വകാര്യ മേഖല വേഗത്തില്‍ പ്രതികരിച്ചതായും എന്‍ജിനീയര്‍ അഹ്‌മദ് അല്‍റാജ്ഹി പറഞ്ഞു.
ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് ആദ്യ ദിവസം മുതല്‍ തന്നെ മാനവശേഷി തന്ത്രം തയാറാക്കിയിട്ടുണ്ട്. സൗദിവല്‍ക്കരണ പദ്ധതികള്‍ നടപ്പാക്കാന്‍ ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസുമായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സംയോജനത്തോടെ പ്രവര്‍ത്തിക്കുമെന്നും ഇക്കാര്യത്തില്‍ പ്രോത്സാഹനങ്ങള്‍ നല്‍കുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രി പറഞ്ഞു.
മാനവശേഷി വികസന നിധി (ഹദഫ്) സാമ്പത്തിക സഹായത്തോടെ കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലയില്‍ 2,77,000 ലേറെ സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ചതായി ഹദഫ് ഡയറക്ടര്‍ ജനറല്‍ തുര്‍ക്കി അല്‍ജഅ്‌വീനി പറഞ്ഞു. സൗദിവല്‍ക്കരണ ശ്രമങ്ങളില്‍ റെക്കോര്‍ഡ് നേട്ടം കൈവരിക്കാന്‍ മാനവശേഷി വികസന നിധിക്ക് സാധിച്ചു. വരും വര്‍ഷങ്ങളില്‍ ഇതിലും വലിയ നേട്ടം കൈവരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും തുര്‍ക്കി അല്‍ജഅ്‌വീനി പറഞ്ഞു.

 

 

Latest News