കോട്ടയം-സുരക്ഷിത പാമ്പുപിടിത്തം വേണമെന്ന വാദമുയര്‍ത്തി തനിക്കെതിരെ ആസൂത്രിത ക്യാമ്പയിന്‍ നടത്തുകയാണെന്ന് വാവ സുരേഷ് ആരോപിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണം വരെ പാമ്പുപിടിത്തം തുടരാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപകടം പറ്റിയപ്പോഴാണ് കുറേ കഥകള്‍ ഇറക്കിയിരിക്കുന്നത്. പാമ്പുപിടിത്തത്തില്‍ വനംവകുപ്പിനു ആദ്യമായി പരിശീലനം കൊടുക്കുന്നത് 2006ലാണെന്നും അന്നൊന്നും മറ്റു പാമ്പുപിടിത്തക്കാരെ താന്‍ കണ്ടിട്ടില്ലെന്നും വാവ സുരേഷ് പറഞ്ഞു.
വനംവകുപ്പില്‍ ഒരു ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട പാമ്പുപിടിത്തക്കാരെ വെച്ച് സുരേഷിനെ പാമ്പുപിടിക്കാന്‍ വിളിക്കരുതെന്ന പ്രചാരണം നടത്തുകയാണ്. ഉദ്യോഗസ്ഥന്റെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദഹേം ചോദ്യത്തിനു മറുപടി നല്‍കി.
പാമ്പുപിടിക്കുന്ന രീതിയില്‍ മാറ്റം വരുത്തണമോയെന്ന് ആലോചിക്കും. ശാസ്ത്രീയമായി ഹൂക്ക് വച്ച് പാമ്പിനെ പിടികൂടുമ്പോള്‍ കടിയേറ്റ് കോഴിക്കോട്ടെ ആശുപത്രിയില്‍ രഹസ്യമായി ചികിത്സയില്‍ കഴിഞ്ഞ ആളുടെ വിവരം തനിക്കറിയാം. പാമ്പിനെ പിടികൂടി ചാക്കിലാക്കുമ്പോള്‍ കടിയേറ്റ വിവരവും അറിയാം-അദ്ദേഹം പറഞ്ഞു.
വാവ സുരേഷ് ശാസ്ത്രീയമല്ല പാമ്പുകളെ പിടികൂടുന്നതെന്നും ശാസ്ത്രീയ ഉപകരണങ്ങള്‍ ഉപയോഗിച്ച് കൈകൊണ്ട് പിടികൂടുകയാണു വേണ്ടതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വനം വകുപ്പ് പരിശീലനം നല്‍കിയ പാമ്പുപിത്തക്കാര്‍ ഇത്തരത്തില്‍ പാമ്പുകളെ പിടികൂടുന്ന നിരവധി വീഡിയോകള്‍ സുരേഷിനു കടിയേറ്റ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്യുന്നുണ്ട്. സുരേഷ് കൈ കൊണ്ട് പാമ്പുകളെ പിടികൂടിയശേഷം അവയെ പ്രദര്‍ശിപ്പിക്കുന്നതും ഉമ്മവയ്ക്കുന്നതുമൊക്കെ തെറ്റായ രീതിയാണെന്നും ഈ പാമ്പുകള്‍ ജീവിച്ചിരിക്കാനുള്ള സാധ്യത കുറവാണെന്നുമാണ് പലരുടെയും വിമര്‍ശം.
മൂര്‍ഖന്റെ കടിയേറ്റ് ഒരാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന വാവ സുരേഷ് ഇന്നു രാവിലെയാണ് ആശുപത്രി വിട്ടത്. തന്നെ പെട്ടെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കാന്‍ തക്കസമയത്ത് ഇടപെട്ട മന്ത്രി വി എന്‍ വാസവനു വാവ സുരേഷ് നന്ദി പറഞ്ഞു. ലോകത്ത് ആദ്യമായിരിക്കും ഒരു മന്ത്രി സാധാരണക്കാരനു പൈലറ്റ് പോകുന്നതെന്നു സുരേഷ് പറഞ്ഞു. മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് സുരേഷിനെ വീട്ടിലേക്കു യാത്രയാക്കിയത്.
പതിനാറോളം തവണ പാമ്പുകടിയേറ്റിട്ടുണ്ടെന്നും ഏറ്റവും കൂടുതല്‍ ചികിത്സ ലഭിച്ചത് കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നാണെന്നും സുരേഷ് പറഞ്ഞു.