ത്രിപുരയിലെ തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നപ്പോൾ ആഘോഷങ്ങളാക്കി സോഷ്യൽ മീഡിയകളും അതിനൊത്ത് മറ്റു മാധ്യമങ്ങളും തിമിർത്താടിയപ്പോൾ കാണാതെ പോയ ചില യാഥാർഥ്യങ്ങൾ നാം തിരിച്ചറിയാതെ പോകരുത്. ബി.ജെ.പിയുടെ വിജയം മതനിരപേക്ഷ മനസ്സുകളിലാകെ വ്യാകുലത പടർത്തുന്നതും ഇടനെഞ്ചു പിളർന്നു ചോരയൊലിക്കുന്നതും നാം കണ്ടു. മതേതരത്വത്തിനും ജനാധിപത്യത്തിനും ഭീഷണി എന്നതിനപ്പുറം വർഗീയതയുടെ ഫണം കൂടുതൽ കരുത്താർജ്ജിക്കുകയാണെന്ന കാര്യം നാം ഇതിലൂടെ മനസ്സിലാക്കണം. ഭീകരവാദ സംഘടനയുമായി ചേർന്ന് ബി.ജെ.പി നേടിയ ഈ വിജയം പണാധിപത്യത്തിന്റെയും വർഗീയതയുടെയും കുതിരക്കച്ചവടത്തിന്റെയും നേട്ടം കൂടിയാണ്. ത്രിപുരയുടെ വിജയത്തിൽ ഏറെ ആഹ്ലാദിക്കുന്നത് സംഘ പരിവാരിനെക്കാൾ കോൺഗ്രസും പിന്നെ ലീഗുമാണ്. മകൻ ചത്താലും മരുമകളുടെ കണ്ണീർ കണ്ടാൽ മതി എന്ന നിലപാടിൽ കഴിയുന്നവർ നാളെ വരാനിരിക്കുന്ന കറുത്ത ദിനങ്ങളെ ഒരു നിമിഷമെങ്കിലും ഓർക്കുന്നത് നന്നായിരിക്കും. ഈ അടുത്ത കാലത്തായി സി.പി.എമ്മിൽ നടന്നുവരുന്ന ചർച്ചയെ മുന്നിരുത്തി കാരാട്ട് ലൈനും യെച്ചൂരി ലൈനും വിഷയമാക്കി കൂട്ടി കിഴിക്കലിനപ്പുറം സി.പി.എമ്മിന് മേൽ പരമാവധി പൊങ്കാല അർപ്പിക്കാനാണ് പലരും ശ്രമിച്ചത്. കോൺഗ്രസുമായി ചേർന്നാൽ ഈ തോൽവി ഇല്ലാതാക്കാമെന്നും ചിലർ പറയുന്നുണ്ട്.
ത്രിപുരയിൽ പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ചിരുന്ന കോൺഗ്രസിന്റെ എം.എൽ.എമാരും പ്രതിപക്ഷ നേതാവും പി.സി.സി ഭാരവാഹികളും എല്ലാം തെരഞ്ഞെടുപ്പിനു മുമ്പ് ബിജെപിയിൽ ചേക്കേറി. പണക്കൊഴുപ്പിലും മോഹന വാഗ്ദാനങ്ങളിലും പിടിച്ചു നിൽക്കാൻ കഴിയാതെ കൂട്ടത്തോടെ ബി.ജെ.പിയിൽ ചേർന്ന് വോട്ട് കച്ചവടം ചെയ്തു ഒരു തെരഞ്ഞെടുപ്പിന് വേണ്ട മുൻകരുതൽ എടുക്കുന്നതിനു പോലും നേതാക്കളില്ലാതെ അലഞ്ഞു നടന്ന കോൺഗ്രസിനെയായിരുന്നോ ത്രിപുരയിൽ കൂട്ട് ചേർക്കേണ്ടത്?
കഴിഞ്ഞ തവണ നേടിയ 10 സീറ്റുകൾ കോൺഗ്രസിന് നഷ്ടമായി എന്നു മാത്രമല്ല, മത്സരിച്ച 59 സീറ്റിലും കെട്ടിവെച്ച കാശും പോയി. മൂന്നു മണ്ഡലങ്ങളിൽ നോട്ടക്കു പിന്നിലാണ് ദേശീയ പാർട്ടി എന്ന് അവകാശപ്പെടുന്ന പാർട്ടിയുടെ സ്ഥാനം. ശേഷിച്ച എല്ലാ പാർട്ടികൾക്കും ആകെ കിട്ടിയ വോട്ടിന്റെ കണക്കുകൾ പരിശോധിച്ചാൽ കോൺഗ്രസിന്റെ അവശേഷിച്ച വോട്ട് കൂടി ലഭിച്ചാലും സിപിഎം അവിടെ വിജയിക്കുമായിരുന്നില്ല എന്ന സത്യമെങ്കിലും ഈ ട്രോളർമാർ മനസ്സിലാക്കുന്നത് നന്നായിരിക്കും.
ഇനി വോട്ടിന്റെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 48 ശതമാനം വോട്ടു നേടിയ സി.പി.എമ്മിന് ഇത്തവണ ലഭിച്ചത് 44.7 ശതമാനം. എന്നാൽ 36.7 ശതമാനത്തിൽനിന്ന് 1.9 ശതമാനമായി കോൺഗ്രസ് നിലംപൊത്തുകയായിരുന്നു. ബി.ജെ.പിക്കാവട്ടെ സി.പി.എമ്മിനെക്കൾ കുറഞ്ഞ വോട്ട് മാത്രമേ ലഭിച്ചുള്ളൂ. അസ്തിത്വം പോലും നഷ്ടപ്പെട്ട ഈ കോൺഗ്രസുമായി സി.പി.എം ധാരണയുണ്ടാക്കിയിരുന്നുവെങ്കിൽ എന്തായിരിക്കും അവസ്ഥ.
മാറിയ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ വിജയം എത്ര പ്രധാനവും പ്രസക്തവുമാണ് എന്നത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം നമ്മോട് പറയുന്നു. പുതിയ ഒരു രാഷ്ട്രീയ കാലാവസ്ഥ ഇന്ത്യയുടെ മേൽ കരിനിഴൽ മൂടി നിൽക്കുന്നുണ്ട് എന്ന് ത്രിപുരയും നാഗാലാന്റും മേഘാലയയും നമ്മെ ഭീഷണിയോടെ ബോധ്യപ്പെടുത്തുന്നു. തർക്കിച്ചു കൊണ്ടും കൊഞ്ഞനംകുത്തിയും കാലം തള്ളി നീക്കുമ്പോഴും ശത്രുക്കളുടെ വിജയം നിസാരമെന്ന് കരുതി സമാധാനിച്ചാൽ കാലിനടിയിലെ അവശേഷിക്കുന്ന മണ്ണും ഒലിച്ചുപോകുമെന്ന തിരിച്ചറിവ് ഉണ്ടായേ മതിയാകൂ. അതിമനോഹരങ്ങളായ ചുവപ്പ് കമാനങ്ങൾക്കിടയിൽ പ്രത്യേകം അണിയിച്ചൊരുക്കുന്ന സമ്മേളന നഗരികളിൽ ചിട്ടയായി സംഘടിപ്പിക്കുന്ന ബൗദ്ധിക സെമിനാറുകളിൽ നവ ലിബറൽ ആശയങ്ങളെയും സാമ്രാജ്യത്വ ഇടപെടലുകളെയും ചീത്ത വിളിച്ച്, അന്യംനിന്ന് പോയ കട്ടൻ ചായയെ ഓർമിപ്പിക്കുവാനും പുതിയ രുചിക്കൂട്ടുകളുടെ ആസ്വാദനത്തെ വാനോളം പുകഴ്ത്തി പിരിയാനുമാണ് വീണ്ടും ശ്രമിക്കുന്നതെങ്കിൽ ഈ തുരുത്ത് കൂടി നഷ്ടമാവുമെന്ന് ഓർമപ്പെടുത്തുവാൻ നമുക്ക് സാധിക്കണം.
ത്രിപുരയിലെ സി.പി.എം തോൽവി പരിശോധിക്കേണ്ടതു തന്നെയാണ്, കാരണം ത്രിപുരക്ക് തുല്യം ത്രിപുര മാത്രമേ ഉണ്ടായിരുന്നുള്ളൂ. വികസനത്തിലും സാക്ഷരതയിലും സമാധാനത്തിലും മുന്നിലായിരുന്നു മണിക് സർക്കാർ.
പണം, അധികാര ദുർവിനിയോഗം, വർഗീയയത ഇതിലൂടെ ഇന്ത്യയിൽ തേരോട്ടം നടത്തുന്ന അമിത്ഷായുടെ നേതൃത്വത്തിൽ ത്രിപുര കൂടി കൈവശപ്പെടുത്തിയെങ്കിൽ ശേഷിക്കുന്നവ കൈകളിലെത്തിക്കാൻ കൂടുതൽ സമയം വേണ്ടിവരില്ല. സി.പി.എമ്മും ഇടതുപക്ഷവും ഈ ജനവിധിയെ സൂക്ഷ്മമായി വിലയിരുത്തുകയും ആവശ്യമായ തിരുത്തലുകൾ വരുത്തി ജനങ്ങൾക്കു വേണ്ടിയുള്ള പോരാട്ടം കൂടുതൽ ശക്തിപ്പെടുത്താൻ തയാറാവേണ്ടതുമുണ്ട്. മതനിരപേക്ഷതയെ അടിസ്ഥാനമാക്കി രാജ്യത്തെ മുഴുവൻ ജനവിഭാഗങ്ങളെയും അണിനിരത്തി പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു.
വിഘടന-വർഗീയവാദം വളർന്നു വരാനിടവരുന്ന ഏതു ശ്രമത്തെയും ഒറ്റപ്പെടുത്തേണ്ടത് രാജ്യസ്നേഹികളുടെ ചുമതലയാണ്. വാക്കുകളിൽ മാത്രം നിഴലിക്കുന്ന മതനിരപേക്ഷതയതല്ല കോൺഗ്രസിനുണ്ടാകേണ്ടത്; കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് തടയാൻ ആത്മാർഥമായ ശ്രമം വേണം. എന്നാൽ കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ വരെ ബി.ജെ.പിയുമായി കൂട്ടുകൂടിയാണെങ്കിലും സി.പി.എമ്മിനെ നേരിടും എന്നാണ് പരസ്യമായി പറയുന്നത്. ആർ.എസ്.എസ്സുകാർ ആക്രമിക്കുന്നില്ലല്ലോ എന്നാണ് ഇതിന് അതിനവർ പറയുന്ന കാരണം.
കോൺഗ്രസ് മുക്ത ഭാരതം എന്നത് വെറുതെ ഒരു ദിവസം ഉണ്ടായ സ്വപ്‌നം ആയിരുന്നില്ല. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും ഒരുവേള അതാഗ്രഹിച്ചിരുന്നു. കയ്യിലിരിപ്പിന്റെ ഫലമാണ് അത്. ചെയ്ത അഴിമതികളുടേയും കെടുകാര്യസ്ഥതയുടെയും ബാക്കിപത്രം. അഴികൾക്കുള്ളിലേക്ക് മകന്റെ പിറകെ പോകാൻ നിൽക്കുന്ന ചിദംബരത്തെ പോലുള്ള കാട്ടുകള്ളൻമാരുടെ വിളഭൂമിയാണ് കോൺഗ്രസ്.
സുഖ്‌റാമുമാരും കൽമാഡികളും റാവുമാരും വദേരയും അങ്ങനെ എത്രയോ പേർ. അധികാരത്തിന്റെ ശീതളഛായയിൽ കട്ടുമുടിച്ച് തിന്ന് കൊഴുത്ത് രാജ്യത്തെ മറന്നവർക്ക് ജനം കൊടുത്ത അടിയാണ്. അഴിമതിയുടെ ദുർഗന്ധം ഒരുപാട് മൂക്കുപൊത്തി സഹിച്ച ജനം ഒടുവിൽ ഒരു ബദലിനെ തെരഞ്ഞെടുക്കുകയായിരുന്നു. ഒരു വർഗീയ ഫാസിസ്റ്റ് ശക്തിക്കാണ് ബദലായി വളരാൻ കഴിഞ്ഞത് എന്നുള്ളത് വിധിവൈപരീത്യം.
ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കേറ്റ തിരിച്ചടിയിൽ ഏറെ ആഹ്ലാദിച്ചവരായിരുന്നു കോൺഗ്രസ്. കമ്മ്യൂണിസത്തിന്റെ ശവമഞ്ചം ചുമന്ന് ഇന്ത്യയിൽ ഇടതിന്റെ അന്ത്യം പ്രവചിച്ചവർക്ക് പിന്നീട് ഇടതിന്റെ പിന്തുണയോടെ ഭരിക്കേണ്ടി വന്നുവെന്നത് ചരിത്രം. അധികാരം നഷ്ടപ്പെട്ട കോൺഗ്രസ് ചീട്ടുകൊട്ടാരം പോലെ തകർന്നുകൊണ്ടിരിക്കുന്നു. സംഘപരിവാര ശക്തികളുടെ അഭൂതപൂർവമായ വളർച്ച കണ്ട് അന്ധാളിച്ച കോൺഗ്രസുകാർ വരുംകാലം ബി.ജെ.പിയാണ് താവളമെന്ന് കണ്ട് കൂട്ടത്തോടെ അവിടേക്ക് ചേക്കേറുന്നു.
ഇത്തരം വിഴുപ്പലക്കിനുള്ള സമയമല്ല എന്ന തിരിച്ചറിവിൽനിന്ന് പാഠം ഉൾക്കൊള്ളുവാനും എന്റെ ഉപ്പൂപ്പാക്കൊരു ആനയുണ്ടായിരുന്നു എന്നത് പോലുള്ള വീരവാദങ്ങൾ ഒഴിവാക്കിയാൽ ചില മാറ്റ തിരുത്തലുകൾ നടന്നേക്കാം.
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും കടുത്ത പരീക്ഷണങ്ങളെയാണ് കോൺഗ്രസും ഇടതുപക്ഷവും നേരിടുന്നത്. മറ്റു ദേശീയ കക്ഷികളുടേയും അവസ്ഥ വിഭിന്നമല്ല. ദേശീയ പാർട്ടി എന്ന മേലങ്കി പോലും ഇല്ലാതാകുന്നു. രാജ്യം വർഗീയ ഫാസിസ്റ്റുകളുടെ തേർവാഴ്ചക്ക് വിട്ടുകൊടുക്കണമോ അതിനെതിരെ പോരാട്ടത്തിന്റെ പടയണി തീർക്കണമോ എന്ന് ആദ്യം തീരുമാനിക്കണം. രാജ്യത്ത് എല്ലായിടത്തും വേരുകൾ ഉള്ള പ്രസ്ഥാനമാണ് കോൺഗ്രസ്. അതിനെ ശക്തിപ്പെടുത്തിയേ മതിയാകൂ. ജനാധിപത്യ മതേതര വിശാല മുന്നണിക്ക് മുൻകൈ എടുക്കാൻ ഇടതുപക്ഷത്തിനും കഴിയണം. ഇതാണ് രാജ്യം ആവശ്യപ്പെടുന്നതും. ഇതിനാവണം ഇന്ത്യയിലെ മതനിരപേക്ഷ കക്ഷികളുടെ ശ്രമവും.