കോഴിക്കോട്- കല്യാണ നാളില്‍ രാവിലെ വധു ജീവനൊടുക്കി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകള്‍ മേഘയാണ് (30) മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയായ മേഘയുടെ വിവാഹം അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായി ഇന്നലെ നടത്താന്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായിരുന്നു.
വധൂഗൃഹത്തിലാണു വിവാഹം നടത്താനിരുന്നത്. അതിനായി മണ്ഡപം ഉള്‍പ്പെടെ ഒരുക്കി. രാവിലെ ബ്യൂട്ടീഷ്യനെത്തിയപ്പോള്‍, കുളിച്ചു വരാമെന്നു പറഞ്ഞ് മേഘ കിടപ്പുമുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നു. കുറേ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനാല്‍ ശുചിമുറിയിലെ ചില്ല് പൊട്ടിച്ചു നോക്കിയെങ്കിലും കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു കിടപ്പുമുറിയിലെ ജനല്‍ചില്ല് തകര്‍ത്തു നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തു. അസ്വാഭാവിക മരണത്തിനു ചേവായൂര്‍ പോലീസ് കേസെടുത്തു.