ഇടുക്കി- വേനൽ ചൂടിൽ കേരളം ഉരുകുമ്പോഴും ഫെബ്രുവരിയിൽ ചരിത്രത്തിലെ ഉയർന്ന ജലശേഖരവുമായി സംസ്ഥാനത്തെ അണക്കെട്ടുകൾ. വൈദ്യുതി ബോർഡിന് കീഴിലുള്ള 16 പ്രധാനപ്പെട്ട സംഭരണികളിലാകെ 77 ശതമാനം വെള്ളമാണ് ഇന്നലെ ഉള്ളത്. ഇടുക്കി ഡാം 80 ശതമാനം നിറഞ്ഞിരിക്കുകയാണ്. പമ്പ, കക്കി-75 ശതമാനം, ഷോളയാർ-87, ഇടമലയാർ-73, മാട്ടുപ്പെട്ടി-76, കുറ്റിയാടി-60, തരിയോട്-55, ആനയിറങ്കൽ-100, പൊന്മുടി-64, നേര്യമംഗലം-78, പൊരിങ്ങൽകുത്ത്-53, ലോവർ പെരിയാർ-75 ശതമാനം എന്നിങ്ങനെയാണ് പ്രധാന സംഭരണികളിലെ ജലനിരപ്പ്.മഴ വർഷം ആരംഭിക്കാൻ ഇനി 115 ദിവസം കൂടി ശേഷിക്കെ വൈദ്യുതി സമൃദ്ധമായ ഒരു വേനൽ കാലം ഇതോടെ ഉറപ്പായി.2385.64 അടിയാണ് ഇടുക്കിയിലെ ഇന്നലത്തെ ജലനിരപ്പ്. ഫെബ്രുവരിയിൽ ഇത്രയും ഉയർന്ന ജലനിരപ്പ് ഇതാദ്യമാണ്. കാലവർഷത്തിൽ മഴ കുറഞ്ഞെങ്കിലും തുലാമഴ ഇരട്ടിയിൽ കൂടുതൽ ലഭിച്ചതോടെയാണ് ഇടുക്കിയിലടക്കം ജലനിരപ്പ് ഉയർന്നത്. മഴ കനത്തതോടെ മൂന്ന് തവണയാണ് ഷട്ടർ ഉയർത്തി ജലനിരപ്പ് ക്രമീകരിച്ചത്. ഡിസംബർ ആദ്യം 98 ശതമാനം വരെ ജലനിരപ്പ് എത്തിയിരുന്നു.
ഡിസംബർ 8 വരെ ഇടവിട്ട് മഴ നിന്നതിനാൽ രണ്ടു മാസത്തോളം ജലശേഖരം കാര്യമായി കുറഞ്ഞതുമില്ല. പിന്നീടാണ് നേരിയ തോതിൽ ജലനിരപ്പ് കുറയാൻ ആരംഭിച്ചത്. ജനുവരി ഒന്നിന് 94 ശതമാനമായിരുന്നു ജലനിരപ്പ്. ഒരു മാസത്തിനിടെ 14 ശതമാനത്തോളം വെള്ളമാണ് കുറഞ്ഞത്.
നിലവിലെ വെള്ളമുപയോഗിച്ച് 1755.52 മില്യൺ യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. പൂർണ തോതിൽ ഉത്പാദനം നടത്തിയാൽ 18.72 മില്യൺ യൂനിറ്റാണ് ഇടുക്കിയിൽ നിന്ന് പ്രതിദിനം ഉത്പാദിപ്പിക്കാനാകുന്നത്. നിലവിലെ ഉത്പാദനം പരമാവധി 11 മില്യൺ യൂനിറ്റ് വരെയാണ്. ഉത്പാദനം ഈ രീതിയിൽ തുടർന്നാൽ ജൂൺ വരെ ഉപയോഗിക്കാനുള്ള വെള്ളം സംഭരണിയിലുണ്ട്.