തൃശൂര്‍ - വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ളാറ്റ് തട്ടിപ്പ് കേസില്‍ സ്വപ്ന സുരേഷിന്റെ തുറന്ന് പറച്ചില്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് വടക്കാഞ്ചേരി മുന്‍ എം.എല്‍.എയും കെ.പി.സി.സി നിര്‍വ്വാഹകസമിതി അംഗവുമായ അനില്‍ അക്കര പത്രസമ്മേളനത്തില്‍ അറിയിച്ചു.
ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തിയുള്ള വടക്കാഞ്ചേരി ഫ്ളാറ്റ് നിര്‍മ്മാണത്തില്‍ കമ്മീഷന്‍ ഇടപാട് നടന്നുവെന്നും യു.എ.ഇ കോണ്‍സുല്‍ ജനറലും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും നടത്തിയ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു ഇതെല്ലാം എന്നുമായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍.
ഫ്ളാറ്റ് നിര്‍മ്മാണം ഏല്‍പ്പിച്ച യുണിടാക് കമ്പനിയുമായി ശിവശങ്കറിന് ബന്ധമുണ്ടായിരുന്നു. വടക്കാഞ്ചേരി മാതൃകയില്‍ സംസ്ഥാനത്തൊട്ടാകെ ലൈഫ് വീട് നിര്‍മ്മാണം യൂണിടാക്കിനെ ഏല്‍പ്പിക്കാനുള്ള ചര്‍ച്ചകള്‍ ശിവശങ്കര്‍ നടത്തിയതായും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ ഗൗരവമുള്ളതാണ്. ലൈഫ് മിഷനില്‍ അഴിമതിയുണ്ടെന്ന തന്റെ വാദം ശരിവെയ്ക്കുന്ന വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നത്. ശിവശങ്കറിനെ സര്‍വ്വീസില്‍ നിന്നും പുറത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം.
ലൈഫ് മിഷന്‍ കേസ് അടിയന്തിരമായി തീര്‍പ്പാക്കാന്‍ സുപ്രീം കോടതിയില്‍ പ്രത്യേക ഹരജി നല്‍കും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട നാലര കോടി രൂപയുടെ കോഴപ്പണം രേഖകളില്ലാതെ വിദേശത്തേയ്ക്ക് കടത്തിയ യു.എ.ഇ കോണ്‍സുലേറ്റ് ജീവനക്കാരനായിരുന്ന ഖാലിദിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ നടപടിയെടുക്കണം.
മന്ത്രിമാര്‍ ഉള്‍പ്പെടെ ലൈഫ് മിഷന്‍ കേസില്‍ കോഴപ്പണം പറ്റിയിട്ടുണ്ട്. വടക്കാഞ്ചേരി മോഡല്‍ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാന്‍ ശിവശങ്കറിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നു. തെലങ്കാനയിലുള്ള ഒരു ഏജന്‍സിയെയാണ് ശിവശങ്കരന്‍ ഇത് ഏല്‍പ്പിച്ചത്. ബി.ജെ.പിയുടെ ഇക്കാര്യത്തിലെ നിലപാട് പരിഹാസ്യമാണ്. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ നയതന്ത്രപരിരക്ഷയില്ലാത്ത ഖാലിദിനെ വിട്ടുകിട്ടാന്‍ നടപടിയെടുക്കുകയാണ് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും ചെയ്യേണ്ടത്. സംസ്ഥാനത്ത് ലൈഫ് മിഷന്‍ പ്രീ ഫാബ് സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ച ഫ്ളാറ്റുകളുടെ മുഴുവന്‍ വിവരങ്ങളും പുറത്ത് വിടണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.