Sorry, you need to enable JavaScript to visit this website.

ലോണ്‍ ആപ്പ് വഴി തട്ടിപ്പ്: ജാഗ്രത പുലര്‍ത്തണമെന്നു പോലീസ്

കല്‍പറ്റ-നിയമ വിധേയമല്ലാത്ത ആപ്ലിക്കേഷനുകളിലൂടെ ഓണ്‍ലൈന്‍ വായ്പ നല്‍കി  തട്ടിപ്പുനടത്തുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നു വയനാട് ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാര്‍ അറിയിച്ചു. ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് വ്യാപകമാകുന്നതു പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

വിദേശബന്ധങ്ങളുള്ള കമ്പനികള്‍ വിവിധ സംസ്ഥാനങ്ങളില്‍ ജീവനക്കാരെ നിയമിച്ചും  വ്യാജ സിം കര്‍ഡുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ ഉപയോഗിച്ചുമാണ് തട്ടിപ്പ് നടത്തുന്നത്. റിസര്‍വ് ബാങ്കിന്റെ അനുമതി യില്ലാതെ ഇന്റര്‍നെറ്റ് വഴിയും സോഷ്യല്‍ മീഡിയ അപ്പുകള്‍ വഴിയും പരസ്യം ചെയ്താണ് തട്ടിപ്പുകാര്‍  ഇരകളെ കണ്ടെത്തുന്നത്.


ചില ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയുന്നതോടെ വായ്പയ്ക്കു  ശ്രമിക്കുന്നയാളുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പകാരുടെ നിയന്ത്രണത്തിലാകും. ഫോണിലെ കോണ്‍ടാക്ട് നമ്പറുകള്‍, സ്വകാര്യ ഫയലുകള്‍ തുടങ്ങിയവ തട്ടിപ്പുകാര്‍ക്കു ലഭിക്കുന്നു. യാതൊരു ഈടും ഇല്ലാതെയാണ് തട്ടിപ്പുസംഘം ചെറിയ തുകകള്‍ ആവശ്യക്കാരന്റെ അക്കൗണ്ടില്‍ ലഭ്യമാക്കുന്നത്. ഇങ്ങനെ ലഭിക്കുന്നതു ഭീമമായ സര്‍വീസ് ചാര്‍ജ് കഴിച്ചുള്ള തുകയായിരിക്കും. ദിവസങ്ങള്‍ മാത്രം തിരിച്ചടവു കാലാവധിയുള്ള വായ്പയുടെ പലിശ നാട്ടുനടപ്പുള്ളതിന്റെ പതിന്‍മടങ്ങായിരിക്കും. സമയബന്ധിതമായി വായ്പ അടയ്ക്കാന്‍ കഴിയാതെ വരുമ്പോള്‍ മറ്റു ലോണ്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തു വീണ്ടും വായ്പ  എടുക്കാന്‍ തട്ടിപ്പുകാര്‍ പ്രേരിപ്പിക്കും. ഇതില്‍നിന്നു ലഭിക്കുന്ന പണം പഴയ വായ്പ  ക്ലോസ് ചെയ്യാനാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ വായ്പയെടുത്തവര്‍ കുറഞ്ഞകാലംകൊണ്ട്  കടക്കണിയിലാകും. വായ്്പ തിരിച്ചുപിടിക്കുന്നതിനു തട്ടിപ്പുകാര്‍ തുടര്‍ച്ചയായി ഫോണ്‍കാള്‍ വഴിയും വാട്‌സ്ആപ് വഴിയും ഇടപാടുകാരനെ ഭീഷണിപ്പെടുത്തും. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന പെര്‍മിഷന്‍ വഴി തട്ടിപ്പുകാര്‍ക്കു ലഭിക്കുന്ന  കോണ്‍ടാക്ട് നമ്പറുകള്‍ ഉപയോഗിച്ച് ഇടപാടുകാരന്റെ  സുഹൃത്തുക്കളെ വിളിച്ചും അവരെ ഉള്‍പ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ അശ്ലീല ഗ്രൂപ്പുകള്‍ നിര്‍മിച്ചും വായ്പക്കാരന്റെ മോര്‍ഫ് ചെയ്ത ഫോട്ടോ ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചും സമ്മര്‍ദതന്ത്രങ്ങളും പ്രയോഗിക്കും. അനാവശ്യ മൊബൈല്‍ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ ആളുകള്‍ ശ്രദ്ധിക്കണം. ഫോണിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി തോന്നിയാല്‍ ഫോര്‍മാറ്റ് ചെയ്യണം. തട്ടിപ്പുകാരുടെ ഭീഷണി ഉണ്ടെങ്കില്‍ സൈബര്‍ പോലീസുമായി ബന്ധപ്പെടണമെന്നും ജില്ലാ പോലീസ് ചീഫ് പറഞ്ഞു.

 

 

Latest News