തലശ്ശേരി- കല്ലുമ്മക്കായ ഫ്രൈ, അരിക്കടുക്ക, കല്ലുമ്മക്കായ അച്ചാര്‍, കല്ലുമ്മക്കായ ബിരിയാണി, നോണ്‍ വെജ് മലയാളികളുടെ തീന്‍മേശയിലെ സ്വാദേറും വിഭവമായ കല്ലുമ്മക്കായ അടുക്കളയിലെത്തിച്ചാല്‍ കാണുന്ന ഭിന്ന മുഖഭാവങ്ങളില്‍ ചിലതാണിത്. ഒരിക്കല്‍ രുചി പിടിച്ചാല്‍ പിന്നെ ഇത് കിട്ടുന്ന സ്ഥലം തിരഞ്ഞു പോവുന്നവരുണ്ട്. എന്നാല്‍ ഈയ്യിടെയായി ഇത്തരം ആസ്വാദ്യ വിഭവങ്ങള്‍ വീടുകളിലും ഹോട്ടല്‍ റസ്റ്റോറന്റുകളിലും കിട്ടാക്കനിയാവുകയാണ് . മുന്‍പെല്ലാം കടല്‍ പാറകളില്‍ നിറഞ്ഞ് വിളഞ്ഞിരുന്ന കല്ലുമ്മക്കായകള്‍ ഇപ്പോള്‍ പഴയത് പോലെ കിട്ടാനില്ലാത്തതാണ് കാരണം . കടലിലെ മലിനീകരണവും കാലാവസ്ഥാ വ്യതിയാനവുമാണ് കല്ലുമ്മക്കായകളുടെ വംശനാശത്തിന് ഹേതുവായതെന്ന് പരമ്പരാഗത തൊഴിലാളികള്‍ സൂചിപ്പിക്കുന്നു. കടലിനെയും തീരത്തെയും ഒരു പോലെ വിറപ്പിച്ച ഓഖി, പ്രളയം തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ കെട്ടടങ്ങിയതില്‍ പിന്നീടാണ് കല്ലുമ്മക്കായകള്‍ അപ്രത്യക്ഷമായി തുടങ്ങിയത്. കണ്ണൂര്‍ മേഖലയിലെ ചേരക്കല്ല്, ചാമുണ്ഡിക്കല്ല്, , പരപ്പന്‍ കല്ല്, ആനാക്കുഴി, തലശ്ശേരി മേഖലയില്‍ തലായി, കോടതി, കൊടുവള്ളി, ധര്‍മ്മടം, എടക്കാട്, ഏഴര ഭാഗങ്ങളിലാണ് കല്ലുമ്മക്കായകള്‍ നേരത്തെ സമൃദ്ധമായി കണ്ടിരുന്നത് .കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട്ടാണ് മറ്റൊരു കേന്ദ്രം. കണ്ണൂര്‍ ജില്ലയില്‍ കല്ലുമ്മക്കായ കുറയുമ്പോള്‍ കോഴിക്കോട് വെള്ളയില്‍ നിന്നും മംഗലാപുരം മലപ്പയില്‍ നിന്നും എത്തിച്ചാണ് ആവശ്യക്കാരെ തൃപ്തിപ്പെടുത്തുന്നത് . നാടന്‍ എന്ന പേരില്‍ കിട്ടുന്നതിനാവട്ടെ ഇപ്പോള്‍ തീവിലയാണ് . ചില സമയങ്ങളില്‍ കല്ലുമ്മക്കായകളിലെ ഇറച്ചിയും കുറയും. ഒരു കിലോവിന് 300 മുതല്‍ മേലോട്ടാണ് നാടന്റെ വില .എണ്ണി വാങ്ങുന്നതാണെങ്കില്‍ 100 കല്ലുമ്മക്കായക്ക് 1000 ത്തോളമാവും വില . 100 വലിയ കല്ലുമ്മക്കായ മൂന്ന് കിലോ വിലധികം തൂക്കം വരും. തീന്‍മേശയിലെ രുചി സാന്നിദ്ധ്യമെന്നതിന് പുറമെ നല്ലൊരു ഫില്‍ട്ടര്‍ കൂടിയാണ് കല്ലുമ്മക്കായകളെന്ന് പറയാറുണ്ട്. ഒഗള്‍ഫ് നാടുകളില്‍ പോവുന്നവര്‍ക്ക് വീട്ടുകാര്‍ കൊടുത്തു വിടുന്ന വിഭവങ്ങളില്‍ കല്ലുമ്മക്കായക്ക് മുമ്പും ഇപ്പോഴും വി.ഐ.പി.പദവിയാണ് . ലഭ്യത കുറഞ്ഞതോടെ ഈ മേഖലയില്‍ ജോലി ചെയ്തിരുന്നവരില്‍ പലരും ഇപ്പോള്‍ തൊഴില്‍ രഹിതരായിക്കഴിഞ്ഞു.
ഫോട്ടോ- കല്ലുമ്മക്കായ