കല്‍പറ്റ- നഗരത്തില്‍ പള്ളിത്താഴെ റോഡില്‍ പ്രവര്‍ത്തിക്കുന്ന പലവ്യഞ്ജനസ്‌റ്റേഷനറി മൊത്തചില്ലറ വ്യാപാര സ്ഥാപനമായ ഗോള്‍ഡന്‍ ഹൈപ്പര്‍ സെന്ററില്‍ തീപ്പിടിത്തം. അടച്ചിട്ട ഷട്ടറുകള്‍ക്കിടയിലൂടെ പുക വമിക്കുന്നതു ഇന്നു രാവിലെ ആറരയോടെയാണ് പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരമറിഞ്ഞു കുതിച്ചെത്തിയ അഗ്‌നിരക്ഷാസേന പൂട്ടുപൊളിച്ചു ഷട്ടറുകള്‍ തുറന്നു തീയണച്ചതിനാല്‍ വന്‍ വിപത്ത് ഒഴിവായി. ക്യാഷ് കൗണ്ടറിന്റെ ഭാഗത്താണ് തീ പടര്‍ന്നത്. രണ്ട് കംപ്യൂട്ടറുകളും ഫര്‍ണിച്ചറും ഏതാനും രേഖകളും കത്തിനശിച്ചു. തീയണയ്ക്കുന്നതായി വെള്ളം പമ്പ് ചെയ്തതു മൂലം പലചരക്ക്‌സ്‌റ്റേഷനറി സാധനങ്ങള്‍ക്കും നാശമുണ്ടായി. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ നാദാപുരം ഇരിങ്ങണ്ണൂര്‍ അറയ്ക്കല്‍ അബ്ദുറസാഖ് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം.