Sorry, you need to enable JavaScript to visit this website.

ഹണി ട്രാപ്പ്: മലപ്പുറത്തെ യുവ വ്യവസായിയുടെ 38 ലക്ഷം തട്ടിയ യുവതി പിടിയില്‍

കൊച്ചി- ഹണി ട്രാപ്പില്‍ പെടുത്തി യുവ വ്യവസായിയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ കാക്കനാട് സ്വദേശിനിയായ യുവതിയെ അറസ്റ്റ് ചെയ്തു. കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് എം.ഐ.ആര്‍ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന കുരുംതോട്ടത്തില്‍ ഷിജി മോള്‍ (34) ആണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്.
നഗ്നചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പല തവണകളിലായി മലപ്പുറം സ്വദേശിയില്‍ നിന്ന് 38 ലക്ഷം രൂപയായിരുന്നു ഷിജി മോള്‍ തട്ടിയത്.
കഴിഞ്ഞ സെപ്റ്റംബറില്‍ സ്ത്രീ സുഹൃത്തിനെ കാണാനായി കാക്കനാട് അമ്പാടിമൂലയിലെ ഫ്‌ളാറ്റിലെത്തിയ യുവാവിനെ മയക്കുമരുന്ന് കലര്‍ത്തിയ ശീതള പാനീയം നല്‍കി മയക്കിയ ശേഷം ഷിജിമോള്‍ ദൃശ്യങ്ങളും ചിത്രങ്ങളും എടുക്കുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം ഇയാളെ ഫോണില്‍ വിളിച്ച് തന്റെ കൈയില്‍ ദൃശ്യങ്ങളും ചിത്രങ്ങളും ഉണ്ടെന്നും ഇവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട വിവരം കുടുംബാംഗങ്ങളോട് പറയുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
20 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ശേഷം താന്‍ ഗര്‍ഭിണിയാണെന്നും ഇനി ഫ്‌ളാറ്റില്‍ നില്‍ക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ടു താമസിക്കാന്‍ വീട് വാങ്ങുന്നതിന് പണം നല്‍കണമെന്നും അല്ലാത്തപക്ഷം വീട്ടിലേക്ക് വരുമെന്നും ഭീഷണിപ്പെടുത്തിയതോടെ പരാതിക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
തുടര്‍ന്നും പണം ആവശ്യപ്പെട്ടതോടെയാണ് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയത്. ആറു വര്‍ഷം മുമ്പ് സുഹൃത്തുമൊത്ത് എറണാകുളത്ത് എത്തിയപ്പോള്‍ പരിചയപ്പെട്ട ഇടനിലക്കാരിയുടെ നമ്പറിലേക്ക് വിളിച്ചപ്പോഴായിരുന്നു ഷിജി മോളുടെ നമ്പറിലേക്ക് കോള്‍ പോയത്. തുടര്‍ന്ന് ഇവര്‍ ക്ഷണിച്ചത് അനുസരിച്ച് ഫ്‌ളാറ്റില്‍ എത്തുകയായിരുന്നു.

 

 

Latest News