തിരുവനന്തപുരം- ദീര്‍ഘകാലം ഒമാനില്‍ പ്രവാസിയായിരുന്ന പുനലൂര്‍ സ്വദേശി സുഗതന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സി.പി.ഐ യുവജന സംഘടനയായ എ.ഐ.വൈ.എഫിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സുഗതന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്നു പറഞ്ഞ മുഖ്യമന്ത്രി പണി തടസപ്പെടുത്തിയതിനാലാണ് അയാള്‍ ജീവനൊടുക്കിയതെന്ന് നിയമസഭയില്‍ വ്യക്തമാക്കി. നിയമം കൈയിലെടുക്കാന്‍ ആരയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓരോ പാര്‍ട്ടിയുടേയും വിലപ്പെട്ട സ്വത്താണ് അവരുടെ കൊടി. അത് എവിടെയങ്കിലും കൊണ്ടുപോയി നാട്ടുന്നത് ശരിയല്ല. ഏത് പാര്‍ട്ടിയാണെങ്കിലും ഈ പ്രവണത അവസാനിപ്പിക്കണം- മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ സുഗതന്റെ മരണം അടക്കമുളള വിഷയങ്ങളില്‍ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതന്‍ കഴിഞ്ഞ വെളളിയാഴ്ച പുലര്‍ച്ചെയായിരുന്നു ഇളമ്പലിന് സമീപത്ത് നിര്‍മാണം മുടങ്ങി കിടന്ന ഷെഡില്‍ തൂങ്ങി മരിച്ചത്.
സുഗതന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എ.ഐ.വൈ.എഫ് നേതാവ് ഗിരീഷ് അടക്കമുളള സി.പി.ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വര്‍ക്ക് ഷോപ്പിന് മുമ്പില്‍ കൊടി നാട്ടുന്നതിന്് നേതൃത്വം നല്‍കിയത് ഗിരീഷ് ആയിരുന്നു.
ഇളമ്പല്‍ പൈനാപ്പിള്‍ ജങ്ഷനില്‍ ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പ് നടത്താനായിരുന്നു സുഗതന്‍ പദ്ധതിയിട്ടിരുന്നത്.
നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ സുഗതനില്‍നിന്ന് പണം വാങ്ങിയിരുന്നെന്ന് ആത്മഹത്യ ചെയ്ത സുഗതന്റെ മക്കള്‍ ആരോപിച്ചിരുന്നു.