Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന കള്ളക്കളികള്‍ വെളിപ്പെട്ടു-വി.ഡി സതീശന്‍

കൊച്ചി- സ്വര്‍ണക്കള്ളക്കടത്ത് കേസിലെ  പ്രതിയായ സ്ത്രീയുടെ വെളിപ്പെടുത്തല്‍ കേരള സമൂഹത്തെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളും സാമ്പത്തിക അഴിമതിയും നടന്നിരുന്നുവെന്നും അതിനൊക്കെ നേതൃത്വം നല്‍കിയതും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയായിരുന്നെന്നും ഇപ്പോള്‍ വ്യക്തമായിരിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ ഒരു പങ്കും ഇല്ലെന്ന തരത്തില്‍ പ്രതിയായ സ്ത്രീയുടെ പേരില്‍ വന്ന ശബ്ദ സന്ദേശം മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ  അടിസ്ഥാനത്തിലായിരുന്നെന്നും വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രിയെ ഈ കേസില്‍  നിന്നും രക്ഷപ്പെടുത്താനും നിരപരാധിയാണെന്ന് വരുത്തി തീര്‍ക്കാനും പോലീസിലെ ഉന്നതര്‍ അറിഞ്ഞു കൊണ്ട് വനിതാ പോലീസുകാരിയെ ചുമതലപ്പെടുത്തി മുന്‍കൂട്ടി തയാറാക്കിയ സ്‌ക്രിപ്റ്റ് പ്രതിയെ കൊണ്ട് വായിപ്പിച്ചെന്നതും വ്യക്തമായിരിക്കുന്നു. ആരുടെ നേതൃത്വത്തില്‍ എവിടെ വച്ചാണ് ഇത്തരമൊരു ശ്രമം ഉണ്ടായതെന്നും അന്വേഷിക്കണം.

കൊട്ടിഘോഷിക്കപ്പെട്ട ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണ്. ലോക്കറില്‍ ഉണ്ടായിരുന്ന പണം ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കൈക്കൂലി കിട്ടിയ തുകയാണെന്ന് പ്രതി വ്യക്തമാക്കിയിട്ടുണ്ട്. സ്വര്‍ണക്കള്ളക്കടത്തിനെ കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് അറിവുണ്ടായിരുന്നെന്നും വ്യക്തമായി. ഒരു ഓഫീസിന്  എത്രത്തോളം അധപതിക്കാം എന്നു വ്യക്തമാക്കുന്നതാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്നത്. സ്വന്തം ഓഫീസില്‍ നടന്നതൊന്നും മുഖ്യമന്ത്രി അറിഞ്ഞില്ലെന്നു പറഞ്ഞാല്‍ അത് അവിശ്വസനീയമാണ്. നേരത്തെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയാണെന്ന് അടിവരയിടുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.

എല്ലാ സാമ്പത്തിക അഴിമതിയുടെയും കേന്ദ്രമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. യാതൊരു വിദ്യാഭ്യാസ യോഗ്യതയും ഇല്ലാത്ത ഒരാളെയാണ് മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴില്‍ ഉന്നത ജോലിക്ക് നിയോഗിച്ചത്. ഇത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്നു പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും. ഇവര്‍ക്ക് ശമ്പളമായി നല്‍കിയ ലക്ഷങ്ങള്‍ ഉത്തരവാദിഞ്ഞപ്പെട്ടവരില്‍ നിന്നും ഈടാക്കണം.

ജോലി ലഭിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറിന് മുന്നില്‍ ശയന പ്രദക്ഷിണം നടത്തുമ്പോഴാണ് ലക്ഷങ്ങള്‍ ശമ്പളം ലഭിക്കുന്ന ജോലിക്കായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പിന്‍വാതില്‍ നിയമനം നടത്തിയത്. യുണിടാക്കുമായി പ്രതിയായ യുവതിയെ ബന്ധപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. കമ്മീഷന്‍ തുക എല്ലാവരും വീതിച്ചെടുത്തു. ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചപ്പോള്‍ തെളിവുകളുടെ പിന്‍ബലത്തില്‍ പ്രതിപക്ഷം ഉന്നയിച്ചതാണ്. പാവപ്പെട്ടവര്‍ക്ക് വീട് വയ്ക്കാന്‍ വിദേശത്തെ ഒരു സന്നദ്ധ സംഘടന  നല്‍കിയ 20 കോടി രൂപയില്‍ നിന്നും ഒന്‍പതേ കാല്‍ കോടി രൂപയാണ് കമ്മീഷനായി വാങ്ങിയത്.  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുണ്ടാക്കിയ അവിഹിതമായ ധാരണയുടെ ഭാഗമായാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം അവസാനിപ്പിച്ചതെന്നും സതീശന്‍ ആരോപിച്ചു. ഇതിന് പിന്നില്‍ നടന്ന കള്ളക്കളികളും ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരുടെ പേര് വിവരങ്ങളും പുറത്ത് വരും.
ലോകായുക്ത ഓര്‍ഡിസന്‍സുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പറയുന്നതാണ് ജനം വിശ്വസിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. പ്രതിപക്ഷ വാദങ്ങള്‍ക്കുള്ള അംഗീകാരമാണ് കാനത്തിന്റെവെളിപ്പെടുത്തല്‍. സര്‍ക്കാരിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ എതിര്‍പ്പ് ഉന്നയിച്ച സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് അയച്ച ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പിന്‍വലിക്കണം.

 

 

Latest News