കൊല്ലം- വിസ്മയക്കേസില്‍ വിചാരണ അന്തിമഘട്ടത്തിലേക്കു നീങ്ങവെ പ്രതി കിരണിന്റെ ബന്ധുക്കളുടെ കൂറുമാറ്റം തുടരുന്നു. കിരണിന്റെ സഹോദരി കീര്‍ത്തി, കിരണിന്റെ വല്യച്ഛന്റെ മകന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി എന്നിവര്‍ വിസ്താരവേളയില്‍ മൊഴി മാറ്റിയതോടെ അവര്‍ കൂറുമാറിയതായി പ്രോസിക്യൂഷന്‍ പ്രഖ്യാപിച്ചു.
സെക്യൂരിറ്റി ജീവനക്കാരനായ അനില്‍കുമാര്‍, ഭാര്യ ആരോഗ്യവകുപ്പ് ജീവനക്കാരി ബിന്ദു എന്നിവര്‍ പോലീസില്‍ കൊടുത്ത മൊഴി കോടതിയില്‍ മാറ്റിപ്പറഞ്ഞു. മരണം അറിഞ്ഞ് പത്മാവതി ആശുപത്രിയില്‍ ചെന്ന് കിരണിനെ കണ്ടപ്പോള്‍ 'ഇപ്പോള്‍ നിനക്ക് സ്വര്‍ണവും കാറുമൊക്കെ കിട്ടിയോടാ' എന്ന് ചോദിച്ചപ്പോള്‍ കിരണ്‍ കൈമലര്‍ത്തി കാണിച്ചുവെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജിന്റെ വിസ്താരത്തില്‍ ബിന്ദുകുമാരി മൊഴി നല്‍കി. കിരണും വിസ്മയയും തമ്മില്‍ വഴിക്കുണ്ടായതായി കിരണിന്റെ പിതാവ് സദാശിവന്‍പിള്ള അന്ന് രാത്രി തങ്ങളോട് പറഞ്ഞതായി അനില്‍കുമാറും വെളിപ്പെടുത്തി.
സ്ത്രീധനവുമായി ബന്ധപ്പെട്ട് കിരണും വിസ്മയയും തമ്മില്‍ യാതൊരു തര്‍ക്കവുമുണ്ടായിരുന്നില്ലെന്ന് കീര്‍ത്തി മൊഴി നല്‍കിയതോടെ ഇവര്‍ കൂറുമാറിയതായി പ്രോസിക്യൂഷന്‍ പ്രസ്താവിച്ചു. തുടര്‍ന്നുള്ള വിസ്താരത്തില്‍ 2021 ജൂണ്‍ 13ന് വിസ്മയ വാട്‌സ്ആപ്പിലൂടെ തനിക്ക് മെസേജുകള്‍ അയച്ചിരുന്നുവെന്നും താനത് ഡിലീറ്റ് ചെയ്തിരുന്നുവെന്നും കീര്‍ത്തി മൊഴി നല്‍കി. നാല് വാട്‌സ്ആപ് മെസേജുകള്‍ വിസ്മയ തനിക്ക് അയച്ചതാണെന്ന് സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. 'ചേച്ചി എന്നെ രക്ഷിക്കണം. കാലുപിടിക്കാം. അനിയത്തിയായിട്ട് കണ്ടിട്ടെങ്കിലും എനിക്കെന്റെ വീട്ടില്‍ പോകണം ചേച്ചി, എന്നെ ഒന്ന് കൊണ്ടാക്കാന്‍ പറ, എന്റെ മഹാദേവന്‍ സത്യമായിട്ടും പിന്നെ ഒരിക്കലും ഞാന്‍ ശല്യമായി വരില്ല'- തുടങ്ങിയ മെസേജുകള്‍ തന്നെ കബളിപ്പിക്കാന്‍ അയച്ചതാണെന്ന് വിസ്മയ പിന്നീട് പറഞ്ഞുവെന്നും കീര്‍ത്തി മൊഴി നല്‍കി. ഇവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണവും കോടതിയില്‍ കേള്‍പ്പിച്ചു.
ലോക്കറില്‍ കൊണ്ടുവയ്ക്കാന്‍ പോകുന്നതിന് മുമ്പ് 60 പവനോളം സ്വര്‍ണമുണ്ടെന്ന് വിസ്മയ പറഞ്ഞിരുന്നുവെന്നും എന്നാല്‍ ലോക്കറില്‍ വയ്ക്കാന്‍ കൊണ്ടുചെന്നപ്പോള്‍ 42 പവനേയുള്ളു എന്ന് അറിഞ്ഞുവെന്നും കിരണിന്റെ പിതാവ് സദാശിവന്‍പിള്ള മൊഴി നല്‍കി. ഇക്കാര്യം കിരണ്‍ വീട്ടില്‍ വന്ന് തന്നോട് പറഞ്ഞു. അതേ തുടര്‍ന്ന് വിസ്മയയും കിരണും തമ്മില്‍ വഴക്കായി. താന്‍ സ്വര്‍ണം ദുരുപയോഗം ചെയ്തതായി തെറ്റിദ്ധരിക്കുമെന്ന് കരുതിയായിരിക്കും കിരണ്‍ ഇപ്രകാരം പറഞ്ഞതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പ്രതാപചന്ദ്രന്‍പിള്ളയുടെ എതിര്‍വിസ്താരത്തില്‍ കിരണിന്റെ പിതാവ് സദാശിവപിള്ള മൊഴി നല്‍കി. 2021 ഏപ്രില്‍ 18ന് വിസ്മയയുടെ മൊബൈല്‍ ഫോണ്‍ കിരണ്‍ എറിഞ്ഞുടച്ചശേഷം രണ്ട് ദിവസം കഴിഞ്ഞ് കിരണ്‍ തന്നെ 17,000 രൂപ വിലയുള്ള ഫോണ്‍ വാങ്ങി നല്‍കിയെന്നും പിതാവ് പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യത്തിന് മറുപടി നല്‍കി.
വിസ്മയയുടെ കട്ടിലിലെ തലയണയുടെ അടിയില്‍ നിന്ന് കിട്ടിയ കടലാസ് താന്‍ പോലീസില്‍ ഏല്‍പ്പിച്ച കാര്യം ആരോടും പറയാതിരുന്നത് തന്നെയും ഭാര്യയെയും മകളെയും മരുമകനെയും കൂടി പ്രതിചേര്‍ക്കുമെന്ന് ഭയന്നാണെന്നും സാക്ഷി എതിര്‍വിസ്താരത്തില്‍ പറഞ്ഞു.
വിസ്മയയെ ബന്ധുവായ ഒരു ആയൂര്‍വേദ ഡോക്ടറുടെ അടുത്ത് പരിശീലനത്തിന് വിട്ടുകൂടേയെന്ന് കിരണിന്റെ മാതാവ് കിരണിനോട് ചോദിച്ചപ്പോള്‍ വിസ്മയ പരീക്ഷ പാസ്സായിട്ടില്ലെന്ന് കിരണ്‍ പറഞ്ഞുവെന്നും സദാശിവന്‍പിള്ള മൊഴി നല്‍കി. തുടര്‍ന്നുള്ള വിസ്താരം തിങ്കളാഴ്ച നടക്കും.