സെമി ഫൈനൽ
- ബംഗളൂരു-പൂനെ (മാർച്ച് 7, മാർച്ച് 11)
- ചെന്നൈ-ഗോവ (മാർച്ച് 10, മാർച്ച് 13)
ജാംഷഡ്പൂർ/കൊൽക്കത്ത - ഫലത്തിൽ ക്വാർട്ടർ ഫൈനലായി മാറിയ പോരാട്ടത്തിൽ ജാംഷഡ്പൂർ എഫ്.സിയെ മറുപടിയില്ലാത്ത മൂന്നു ഗോളിൽ മുക്കി ഗോവ എഫ്.സി ഐ.എസ്.എൽ ഫുട്‌ബോളിലെ അവസാന പ്ലേഓഫ് സ്ഥാനം സ്വന്തമാക്കി. നോർത്ഈസ്റ്റ് യുനൈറ്റഡിനെ 1-0 ന് തോൽപിച്ച നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെ അവസാന സ്ഥാനം ഒഴിവാക്കി. ഒന്നാം സ്ഥാനക്കാരായ ബംഗളൂരു എഫ്.സി സെമിയിൽ നാലാം സ്ഥാനക്കാരായ പൂനെ സിറ്റി എഫ്.സിയെയും രണ്ടാം സ്ഥാനക്കാരായ ചെന്നൈയൻ എഫ്.സി മൂന്നാം സ്ഥാനക്കാരായ ഗോവ എഫ്.സിയെയും നേരിടും. ഹോം ആന്റ് എവേ രീതിയിൽ ഇരു പാദങ്ങളിലായാണ് സെമി ഫൈനൽ. ബംഗളൂരുവും ചെന്നൈയനും രണ്ടാം പാദം സ്വന്തം ഗ്രൗണ്ടിൽ കളിക്കും. 17 നാണ് ഫൈനൽ.
അവസാന മത്സരത്തിൽ സെമി ഉറപ്പാക്കാൻ ജാംഷഡ്പൂരിന് ജയം തന്നെ വേണമായിരുന്നു. ഗോവക്ക് സമനില മതിയായിരുന്നു. രണ്ട് ഗോളിമാരും ചുവപ്പ് കാർഡ് കണ്ട കളിയിൽ ഗോവ 3-0 ന്റെ ഉജ്വല വിജയം പൂർത്തിയാക്കി. ഫെറാൻ കൊറോമിനാസ് രണ്ടു ഗോളടിച്ചപ്പോൾ (29, 51 മിനിറ്റുകളിൽ) മാന്വേൽ ലാൻസറോടെയുടെ വകയായിരുന്നു മൂന്നാം ഗോൾ.
ഏഴാം മിനിറ്റിൽ തന്നെ ഗോളി സുബ്രതൊപോളിന് ചുവപ്പ് കാർഡ് കിട്ടിയതാണ് നന്നായി തുടങ്ങിയ ജാംഷഡ്പൂരിനെ ഞെട്ടിച്ചത്. മധ്യനിരയിൽ നിന്നുള്ള ലോംഗ്‌ബോളുമായി കുതിച്ച കൊറോമിനാസിനെ തടയാൻ ബോക്‌സ് വിട്ടിറങ്ങുകയും കൈ കൊണ്ട് പന്ത് തടയുകയുമായിരുന്നു സുബ്രതൊ. റഫറി നേരെ ചുവപ്പ് കാർഡെടുത്തു.
പത്തു പേരായിച്ചുരുങ്ങിയിട്ടും ജാംഷഡ്പൂർ സമർഥമായി പിടിച്ചു നിന്നു. എന്നാൽ ക്രമേണ ലാൻസറോടെ, ബൗമസ് എന്നിവരിലൂടെ ഗോവ നിയന്ത്രണം സ്വന്തമാക്കി. ജാംഷഡ്പൂരിന്റെ ബികെ സ്വന്തം പോസ്റ്റിലേക്ക് പന്തടിക്കേണ്ടതായിരുന്നു. അര മണിക്കൂറിനോടടുക്കവെ ലാൻസറോടെ തളികയിലെന്ന പോലെ നൽകിയ പാസിൽ നിന്നായിരുന്നു കൊറോയുടെ ആദ്യ ഗോൾ. അതോടെ കളിക്കാർ തമ്മിൽ കൈയാങ്കളി അരങ്ങേറി.
ഇടവേള കഴിഞ്ഞയുടനെ ഗോവ ലീഡുയർത്തി. ലോൻസറോടെയുടെ ലോംഗ്‌ബോൾ പിടിച്ച് ലോകോത്തര ഫിനിഷിംഗോടെ കോറൊ വീണ്ടും വല കുലുക്കി. അറുപത്തൊമ്പതാം മിനിറ്റിൽ ലാൻസറോടെയും ലക്ഷ്യം കണ്ടതോടെ ജാംഷഡ്പൂരിന് തിരിച്ചുവരവ് അസാധ്യമായി.
സുബ്രതൊ ചുവപ്പ് കാർഡ് കണ്ട അതേ രീതിയിൽ എഴുപത്തഞ്ചാം മിനിറ്റിൽ ഗോവ ഗോളി നവീൻകുമാറും പുറത്തായി. കെവിൻ ബെൽഫോർടിനെ തടയാനാണ് നവീൻ ബോക്‌സ് വിട്ടിറങ്ങി പന്ത് തൊട്ടത്.