റിയാദ് - ബിനാമി ബിസിനസ് പ്രവണത ഇല്ലാതാക്കുന്നതിന് ബഖാല മേഖലയിൽ സൗദിവൽക്കരണം അനിവാര്യമാണെന്ന് സാമ്പത്തിക, വാണിജ്യ വിദഗ്ധരുടെ നിർദേശം. സ്വന്തമായി ബഖാലകളും മിനിമാർക്കറ്റുകളും ആരംഭിക്കുന്നതിനും ഈ മേഖലയിൽ ജോലി ചെയ്യുന്നതിനും സൗദി യുവാക്കൾക്ക് അഞ്ചു തടസ്സങ്ങളുണ്ട്.
വിദേശികളുടെ കുത്തകയും ജോലി ക്രമീകരിക്കുന്ന വ്യക്തമായ നിയമത്തിന്റെ അഭാവവും കുറഞ്ഞ വേതനവും ദീർഘമായ തൊഴിൽ സമയവും ബിനാമി ബിസിനസ് പ്രവണതയും സൗദികൾ നേരിടുന്ന പ്രതിബന്ധങ്ങളാണ്.
ബഖാല, മിനിമാർക്കറ്റ് മേഖലകളിൽ വിദേശികളുടെ ആധിപത്യമാണുള്ളത്. സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നത് ബിനാമി ബിസിനസ് പ്രവണത ഇല്ലാതാക്കുന്നതിനും സൗദികൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും വിദേശത്തേക്കുള്ള പണമൊഴുക്ക് കുറയ്ക്കുന്നതിനും സഹായിക്കുമെന്നാണ് നിർദേശം.
ബഖാല, മിനിമാർക്കറ്റ് മേഖലകളിൽ സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നതോടൊപ്പം തന്നെ മൊത്ത വിൽപന മേഖലയിലും ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന വാൻ സെയിൽസ് മേഖലയിലും സൗദിവൽക്കരണം നടപ്പാക്കണം. ബഖാലകൾക്ക് ഭക്ഷ്യവസ്തുക്കളും മറ്റു ഉൽപന്നങ്ങളും വിതരണം ചെയ്യുന്ന മേഖലയുടെ നിയന്ത്രണം വാൻ സെയിൽസ്മാന്മാരുടെ കൈകളിലാണ്. വൻകിട ഹൈപ്പർ മാർക്കറ്റുകളിൽ കാഷ്യർമാരായും കസ്റ്റമർ സർവീസ് വിഭാഗം ജീവനക്കാരായും സൗദി യുവാക്കൾക്ക് തൊഴിലവസരങ്ങളുണ്ട്.
ബഖാല മേഖലയിൽ കൂടി സൗദി യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുകയും സ്വന്തമായി സ്ഥാപനങ്ങൾ ആരംഭിക്കാൻ പ്രോത്സാഹിപ്പിക്കുകയും വേണം. സൗദി യുവാക്കളുടെ വരുമാനം വർധിപ്പിക്കുന്നതിനും ബിനാമി ബിസിനസ് പ്രവണത ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുമെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിലെ ഫുഡ്സ്റ്റഫ് കമ്മിറ്റി പ്രസിഡന്റ് നായിഫ് അൽശരീഫ് പറഞ്ഞു.
ബഖാല മേഖലയിൽ വിദേശികളുടെ പൂർണ ആധിപത്യമാണെന്ന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റിയിലെ ഇക്കണോമിക്‌സ് പ്രൊഫസർ ഡോ. ഫാറൂഖ് അൽഖതീബ് പറഞ്ഞു. ഓരോ വർഷവും ഭീമമായ തുകയാണ് സൗദി അറേബ്യയിൽ നിന്ന് പുറത്തേക്ക് പോകുന്നത്. ഈ പണം ദേശീയ സമ്പദ്‌വ്യവസ്ഥക്ക് പ്രയോജനപ്പെടുന്നില്ല. ശക്തമായ നിയമങ്ങൾ നിർമിക്കുന്നതോടൊപ്പം സൗദി യുവാക്കൾക്ക് പരിശീലനവും വായ്പകളും ലഭ്യമാക്കിയാൽ ദേശീയ സമ്പദ്‌വ്യവസ്ഥക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ലാഭം നേടുന്നതിന് വിദേശികൾ ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങൾക്കും വ്യാജ ഉൽപന്നങ്ങൾക്കുമാണ് മുൻഗണന നൽകുന്നതെന്നും ഡോ. ഫാറൂഖ് അൽഖതീബ് പറഞ്ഞു.
അതേസമയം, ബഖാല, മിനി മാർക്കറ്റ് മേഖലകളിലെ ചില തൊഴിലുകൾ സൗദിവൽക്കരണത്തിന് അനുയോജ്യമല്ലെന്ന് ഈ മേഖലയിലെ നിക്ഷേപകൻ റാമി റംസി പറഞ്ഞു. കാഷ്യർ, സൂപ്പർവൈസർ തസ്തികകൾ സൗദിവൽക്കരിക്കാൻ സാധിക്കും. എന്നാൽ സമ്പൂർണ സൗദിവൽക്കരണം ഏർപ്പെടുത്തുന്നത് സ്ഥാപനങ്ങളുടെ പ്രവർത്തന ചെലവ് ഉയർത്തും. ഇതോടെ നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടിവരുമെന്നും വില വർധനക്ക് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗദിയിൽ ലൈസൻസുള്ള 700 മിനി മാർക്കറ്റുകളും 40,000 ത്തിലേറെ ബഖാലകളുമുണ്ടെന്നാണ് കണക്ക്.