കൊച്ചി- കണ്ണൂര്‍ വി.സി നിയമനത്തില്‍ സ്വജനപക്ഷപാതമില്ലെന്ന ലോകായുക്ത വിധിയോട് യോജിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കണ്ണൂര്‍ സര്‍വകലാശാല നിയമത്തിലെ പത്താം വകുപ്പില്‍ വി.സി നിയമനത്തിന് സേര്‍ച്ച് കമ്മിറ്റി ഉണ്ടാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നവരെയാണ് വി.സിയായി ചാന്‍സലര്‍ നിയമിക്കുന്നത്. 60 വയസില്‍ കൂടുതല്‍ പ്രായമുള്ളയാളെ വി.സിയാക്കരുതെന്നും നിയമത്തിലുണ്ട്. പ്രോ ചാന്‍സലറായ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി സര്‍വകലാശാല നിയമത്തിലെ പത്താം വകുപ്പ് ലംഘിച്ചുകൊണ്ടാണ് ചാന്‍സലറായ ഗവര്‍ണര്‍ക്ക് കത്തെഴുതിയത്. പത്താം വകുപ്പ് പ്രകാരം നിയമിച്ച സേര്‍ച്ച് കമ്മിറ്റി പിരിച്ചു വിടണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. ഇത് എങ്ങനെ നിയമവിധേയമാകുമെന്ന് അദ്ദേഹം ചോദിച്ചു.
60 വയസു കഴിഞ്ഞ വി.സിക്ക് പുനര്‍നിയമനം നല്‍കണമെന്നും മന്ത്രി രണ്ടാമത്തെ കത്തില്‍ മന്ത്രി ആവശ്യപ്പെട്ടു. ഇതെല്ലാം നിയമവിരുദ്ധമാണെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുകയാണ്. നിയമസഭ പാസാക്കിയ നിയമവും ഭരണഘടനയും അനുസരിക്കാന്‍ ബാധ്യതയുള്ള മന്ത്രി നിയമത്തിലെ വകുപ്പുകള്‍ക്ക് വിരുദ്ധമായാണ് ചാന്‍സലര്‍ക്ക് കത്തയച്ചത്. ഇതൊരു നിര്‍ദ്ദേശമോ ശുപാര്‍ശയോ ആയി പരിഗണിക്കേണ്ടതില്ലെന്നാണ് ലോകായുക്ത പറഞ്ഞത്. പിന്നെ ഗവര്‍ണര്‍ക്കു സുഖമാണോ എന്ന് അന്വേഷിച്ചുള്ള കത്തായിരുന്നോ അത്?
ഈ വിധി പ്രസ്താവത്തോട് യോജിക്കാനാകില്ല. ഇതില്‍ സ്വജനപക്ഷപാതം ഇല്ലെന്ന് എങ്ങനെ പറയാനാകും. വി.സിയെ കണ്ടെത്താന്‍ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ശേഷം കമ്മിറ്റി റദ്ദാക്കണമെന്നു പറായന്‍ മന്ത്രിക്ക് എന്ത് അധികാരമാണുള്ളത്? നിയമ സംവിധാനത്തെ കാറ്റില്‍പ്പറത്തി നിലവിലുള്ളയാള്‍ക്ക് പുനര്‍നിയമനം നല്‍കണമെന്നു പറഞ്ഞാല്‍ അതിനെ സ്വജനപക്ഷപാതം എന്നാല്ലാതെ മറ്റെന്ത് പേരിട്ടു വിളിക്കും? മന്ത്രി എഴുതിയ ഈ രണ്ട് കത്തുകളും നിയമ വിരുദ്ധമല്ലെങ്കില്‍ അത് മറ്റെന്താണെന്നു കൂടി ലോകായുക്ത പറയണം. ലോകായുക്ത വിധിക്ക് എതിരായി അപ്പീല്‍ പോകണമെന്നും അദ്ദേഹം പറഞ്ഞു.