കൊച്ചി- മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുസ്ലിംലീഗ് മുന്‍ ദേശീയ പ്രസിഡന്റും പാര്‍ലമെന്റംഗവുമായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകനുമായ സുലൈമാന്‍ ഖാലിദ് സേട്ട് (71) നിര്യാതനായി.
ശ്വാസ തടസത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികില്‍സയിലായിരുന്നു. ബുധനാഴ്ച വീട്ടിലേക്ക് തിരിച്ച് പോകണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് കടവന്ത്രയിലെ മകളുടെ വസതിയായ ടോപാസിലേക്ക് കൊണ്ടുപോയിരുന്നു. ഇവിടെ വിശ്രമത്തിലിരിക്കേ വെള്ളി രാത്രി എട്ട് മണിയോടെയായിരുന്നു മരണം. മയ്യിത്ത് രാത്രി ഒമ്പതു മണിയോടെ കൊച്ചി പനയപ്പിള്ളിയിലെ മറിയം മസ്ജിദിന് സമീപമുള്ള ലത്തീഫ് സേട്ടിന്റെ വസതിയിലെത്തിച്ചു.
ഖബറടക്കം ശനി ഉച്ചക്ക് 3.30ന് കൊച്ചി കപ്പലണ്ടി മുക്കിലെ പടിഞ്ഞാറേ പള്ളി ഖബര്‍ സ്ഥാനില്‍. മാതാവ്: പരേതയായ മറിയം ബാനു. ഭാര്യ: ഷബ്നം ഖാലിദ്. ഏക മകള്‍ ഫാത്തിമ നൂറൈന്‍. മരുമകന്‍: ഹിഷാം ലത്തീഫ് സേട്ട്. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട് , ഉഫ്റ, റഫിയ, ദസ്ലീന്‍ എന്നിവര്‍ സഹോദരങ്ങളാണ്. കെഎംഇഎ മുന്‍ സംസ്ഥാന സെക്രട്ടറിയും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമാണ്. എറണാകുളം ജില്ലയില്‍ എംഎസ്എഫ് കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച സുലൈമാന്‍ ഖാലിദ് സംസ്ഥാനത്തുട നീളം വിദ്യാര്‍ത്ഥികളുടേയും യുവജനങ്ങളുടേയും ശ്രദ്ധാ കേന്ദ്രമായിരുന്നു. ഒരു വേള പാര്‍ട്ടി വിട്ട് ഐഎന്‍എല്ലില്‍ പോയെങ്കിലും പിന്നീട് തിരിച്ചെത്തി മുസ്ലിം ലീഗില്‍ സജീവമായി. ആലുവയില്‍ നടന്ന മുസ്ലിംലീഗ് ജില്ലാ കണ്‍വെന്‍ഷനാണ് ഒടുവില്‍ പങ്കെടുത്ത പൊതു പരിപാടി. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസ് പുനര്‍നിര്‍മാണ വിവരം അറിഞ്ഞ് ഏറെ സന്തോഷത്തിലായിരുന്നു അദ്ദേഹം. എംഎസ്എഫ് എറണാകുളം ജില്ലാ പ്രസിഡന്റ്, മുസ്ലിം ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്, കൊച്ചിന്‍ യൂണിവേഴ്സിറ്റി സെനറ്റ് അംഗം, പൊതുമേഖലാ സ്ഥാപനമായ ആഗ്രോ ഇന്‍ഡസ്ട്രീസ് മുന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഉറുദു ഭാഷകിളില്‍ പ്രാവിണ്യം നേടിയ അദ്ദേഹം ഈ രംഗത്തും നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇംഗ്ലീഷ് മാസികയായ ക്രസന്റിന്റെ പത്രാധിപരായിരുന്നു.