തിരുവനന്തപുരം- സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്. ശിവശങ്കര്‍ തന്റെ ആത്മകഥയില്‍ സ്വപ്ന സുരേഷിനെ കുറ്റപ്പെടുത്തിയതിനെതിരെ സ്വകാര്യവാര്‍ത്താ ചാനലിന്റെ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.
കേരളത്തിലെ യുഎഇ കോണ്‍സുല്‍ ജനറലും ശിവശങ്കറുമായി ചര്‍ച്ച ചെയ്താണ് ലൈഫ്മിഷന്റെ കാര്യങ്ങള്‍ നീക്കിയത്. താന്‍ കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി ഇടപെട്ടിരിക്കുന്ന ലൈഫ് മിഷന് പ്രൊജക്ടില്‍ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെടാനുള്ള വ്യക്തിയായിരുന്നു ശിവശങ്കര്‍. യു.എ.ഇ ജനറല്‍ ശിവശങ്കറുമായാണ് കരാറില്‍ ഏര്‍പ്പെട്ടത്. നിരവധി ചര്‍ച്ചകള്‍ ഇവര്‍ തമ്മില്‍ നടന്നു. കണ്‍സള്‍ട്ടണ്‍സി യൂണിസെഫിനെ ഏല്‍പ്പിച്ചത് മുഖ്യമന്ത്രിക്കും അറിയാമായിരിക്കാം. അതിനെ കുറിച്ച് വ്യക്തതയില്ല. എന്നാല്‍ ഇങ്ങനെ ഒരു പ്രവര്‍ത്തി ശിവശങ്കര്‍ ചെയ്യുമ്പോള്‍ ആരൊക്കയോ ഇരുട്ടില്‍ നില്ക്കുന്നുണ്ടായിരുന്നു. തനിക്ക് മുഖ്യമന്ത്രിയുമായി സംസാരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. എല്ലാം ശിവശങ്കറാണ് ഇടപെട്ടിരുന്നത്. ലൈഫ് മിഷനില്‍ എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ ശിവശങ്കറാണ് പരിഹരിക്കേണ്ടിരുന്നതെന്നും അവര്‍ പറഞ്ഞു.
്
മുഖ്യമന്ത്രിയുടെ യു.എ.ഇ യാത്രയിലാണ് ശിവശങ്കറിനെ ആദ്യമായി പരിചയപ്പെടുന്നത്. ഔദ്യോഗിക കാര്യങ്ങളിലൂടെ ബന്ധം വളര്‍ന്നു. ഒരു സ്ത്രീയെന്ന രീതിയില്‍ എന്നെ ചൂഷണം ചെയ്തതിലും നശിപ്പിച്ചതിലും ശിവശങ്കറിന് വലിയ പങ്കുണ്ട്. കോണ്‍സുലേറ്റില്‍ നിന്ന് രാജി വച്ചത് അദ്ദേഹം പറഞ്ഞിട്ടാണ്. ഭര്‍ത്താവ് ജോലിക്കൊന്നും പോകാതെ ദ്രോഹിച്ചു കൊണ്ടിരിക്കുകയായിരുന്നു. സാമ്പത്തിക പ്രശ്നമുണ്ടായപ്പോള്‍ ജോലി വേണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കറിനെ സമീപിച്ചു. സ്പേസ് പാര്‍ക്ക് പ്രോജക്ടില്‍ എന്നെ നിയമിച്ചത് അദ്ദേഹമാണ്. ഒരു ഫോണ്‍ കോള്‍ കൊണ്ടാണ് എന്റെ നിയമനം നടത്തിയത്. ഞാന്‍ ഗവണ്മെന്റ് സ്റ്റാഫ് ആയിരുന്നില്ല. കണ്‍സല്‍ട്ടന്‍സി സ്റ്റാഫായിരുന്നെന്നും അവര്‍ പറഞ്ഞു.
പിറന്നാളിന് ശിവശങ്കറിന് നിരവധി സമ്മാനങ്ങള്‍ താന്‍ നല്‍കിയിട്ടുണ്ട്. പാര്‍ട്ടികള്‍ നടത്തിയിട്ടുണ്ട്. ഫോണ്‍ കൊടുത്ത് ശിവശങ്കരനെ ചതിക്കേണ്ട ആവശ്യം തനിക്കില്ല. ശിവശങ്കറിന്റെ ഫോണ്‍ കേടായതിനെ തുടര്‍ന്ന് തന്റെ വീട്ടില്‍ വന്ന് ഐഫോണ്‍ വാങ്ങുകയായിരുന്നു. ആശ്വാസ വാക്ക് തന്റെ മക്കളോട് പറയേണ്ട ആളാണ് ഇപ്പോള്‍ തള്ളിപറഞ്ഞിരിക്കുന്നത്. നയതന്ത്രബാഗേജ് വിട്ടുനല്‍കണമെന്ന് ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടില്ല. നിലവിലെ ബന്ധം വച്ചിട്ട് താന്‍ എന്തു പറഞ്ഞാലും ശിവശങ്കര്‍ പറ്റില്ലെന്ന് പറയില്ലായിരുന്നു. ബാഗേജില്‍ എന്താണെന്ന് താന്‍ അറിഞ്ഞപ്പോള്‍ ശിവശങ്കറിനെ അറിയിച്ചു. കൗണ്‍സിലേറ്റ് കേന്ദ്രീകരിച്ച് കുഴപ്പമുണ്ടെന്ന് അറിയിച്ചപ്പോള്‍ വേറെ ജോലി നോക്കാമെന്നും അല്ലെങ്കില്‍ ശിവശങ്കറും വി.ആര്.എസ് എടുത്തിട്ട് ഒരുമിച്ച് ദുബായില്‍ പോകാമെന്നും പറഞ്ഞെന്നും സ്വപ്ന വ്യക്തമാക്കി.