റിയാദ് - സൗദി അറേബ്യയെ അപകീർത്തിപ്പെടുത്തുന്ന ട്വീറ്റുകൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിദേശ തൊഴിലാളിയെ പ്രമുഖ കമ്പനി പിരിച്ചുവിട്ടതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇയാളെ ഫൈനൽ എക്‌സിറ്റിൽ സ്വദേശത്തേക്ക് തിരിച്ചയച്ചിട്ടുണ്ട്. സംഭവത്തിൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം കമ്പനിയെ ചോദ്യം ചെയ്തിരുന്നു. അപകീർത്തിപരമായ ട്വീറ്റുകൾ പ്രചരിപ്പിച്ചതായി അറിഞ്ഞയുടൻ അറബ് വംശജനായ തൊഴിലാളിയെ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ട് ഫൈനൽ എക്‌സിറ്റിൽ സ്വദേശത്തേക്ക് തിരിച്ചയക്കുകയായിരുന്നു. ഇയാൾ ഫൈനൽ എക്‌സിറ്റിൽ രാജ്യം വിട്ടത് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രാലയ വക്താവ് സഅദ് ആലുഹമാദ് പറഞ്ഞു.
പ്രമുഖ കമ്പനിയിലെ അറബ് വംശജനായ ജീവനക്കാർ സൗദി അറേബ്യയെ അപകീർത്തിപ്പെടുത്തുന്ന ട്വീറ്റുകൾ പ്രചരിപ്പിച്ചത് സാമൂഹികമാധ്യമ ഉപയോക്താക്കളുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവം വിവാദമായതോടെയാണ് പ്രശ്‌നത്തിൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇടപെട്ടത്.
തൊഴിൽ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം മടിച്ചുനിൽക്കില്ല. നിയമ ലംഘനങ്ങളിൽ കണ്ണടക്കുകയുമില്ല. തൊഴിൽ വിപണിയിലെ നിമയ ലംഘനങ്ങളെ കുറിച്ച് സാമൂഹികമാധ്യമങ്ങളിലെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ചാനലുകൾ വഴി എല്ലാവരും റിപ്പോർട്ട് ചെയ്യണമെന്നും സഅദ് ആലുഹമാദ് ആവശ്യപ്പെട്ടു.
എസ്.എസ്.സി സാറ്റലൈറ്റ് ചാനൽ ജീവനക്കാരനായ ലെബനോനിക്ക് ആണ് സൗദി അറേബ്യയെ അപകീർത്തിപ്പെടുത്തുന്ന ട്വീറ്റുകൾ പ്രചരിപ്പിച്ച് ജോലി പോയത്. ഇയാൾ എസ്.എസ്.സി ചാനലിൽ നേരിട്ടായിരുന്നില്ല ജോലി ചെയ്തിരുന്നത്. ചാനലുമായി കരാർ ഒപ്പുവെച്ച കമ്പനിയിലെ ജീവനക്കാരനായിരുന്നു. സൗദി അറേബ്യയെ അപകീർത്തിപ്പെടുത്തുന്ന ട്വീറ്റുകൾ പ്രചരിപ്പിച്ച വിവരം അറിഞ്ഞയുടൻ ലെബനോനിയെ കമ്പനി പിരിച്ചുവിടുകയായിരുന്നു. സൗദി അറേബ്യയുടെ സൽകീർത്തി സംരക്ഷിക്കാൻ എസ്.എസ്.സി ചാനൽ അതിയായി ആഗ്രഹിക്കുന്നു. രാജ്യത്തിന് ഇത്തരം അപകീർത്തികളുണ്ടാക്കുന്നവർ എസ്.എസ്.സി ചാനലിൽ നേരിട്ടോ ചാനലുമായി കരാർ ഒപ്പുവെച്ച കമ്പനികളിലോ ജോലി ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.