Sorry, you need to enable JavaScript to visit this website.

താന്‍ നിര്‍ദേശിച്ചല്ല കണ്ണൂര്‍ വിസിയെ നിയമിച്ചത്,  എല്ലാം ചെയ്തത് മുഖ്യമന്ത്രിയും മന്ത്രി ബിന്ദുവും -ഗവര്‍ണര്‍ 

തിരുവനന്തപുരം- താന്‍ നിര്‍ദേശിച്ചല്ല കണ്ണൂര്‍ വി.സി.യായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയത്. ഇതിന്  മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമാണ് മുന്‍കൈയെടുത്തതെന്ന് തുറന്നടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ നിര്‍ദേശപ്രകാരമാണ് വി.സി.ക്ക് പുനര്‍നിയമനം നല്‍കാന്‍ മന്ത്രി ആര്‍. ബിന്ദു കത്തുനല്‍കിയതെന്ന വ്യാഖ്യാനം ശരിയല്ല. വി.സി.ക്ക് പുനര്‍നിയമനം നല്‍കണമെന്ന നിര്‍ദേശം സമര്‍പ്പിക്കാന്‍ പ്രൊചാന്‍സലറെന്നനിലയില്‍ ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് അനുമതിനല്‍കണമെന്നത് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശമായിരുന്നു. അതുപ്രകാരം ഗവര്‍ണറുടെ ഓഫീസില്‍നിന്ന് നല്‍കിയ കത്തിനെ ആകെ നടന്ന സംഭവങ്ങളുടെ ഭാഗമായി കാണണമെന്നും രാജ്ഭവന്‍ വിശദീകരിക്കുന്നു.
ഡോ. ഗോപിനാഥിന് പുനര്‍നിയമനം ലഭിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആര്‍. മോഹന്‍, മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് കെ.കെ. രവീന്ദ്രനാഥ്, മന്ത്രി ആര്‍. ബിന്ദു എന്നിവരാണ് ഇടപെട്ടത്. മന്ത്രി ബിന്ദുവിന്റെ ഇടപെടല്‍ അധികാര ദുര്‍വിനിയോഗമാണെന്നുകാണിച്ച് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ ലോകായുക്ത വെള്ളിയാഴ്ച വിധിപറയാനിരിക്കെയാണ് ഗവര്‍ണറുടെ പത്രക്കുറിപ്പ് ഇറങ്ങിയത്.
കഴിഞ്ഞദിവസം ഈ കേസ് ലോകായുക്ത പരിഗണിക്കുന്ന വേളയില്‍ ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാരിന് നല്‍കിയ കത്ത് ഹാജരാക്കിയിരുന്നു. വി.സി. സ്ഥാനത്തേക്ക് നിര്‍ദേശം സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ മന്ത്രിക്ക് അനുമതിനല്‍കിയതിനാല്‍ മന്ത്രിയുടെ കത്ത് അധികാര ദുര്‍വിനിയോഗമല്ല എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. തുടര്‍ന്നാണ് രാജ്ഭവന്‍ വിശദീകരണക്കുറിപ്പ് ഇറക്കിയത്.
പത്രക്കുറിപ്പില്‍ വി.സി. നിയമനപ്രക്രിയയുടെ ആദ്യംമുതലുള്ള നാള്‍വഴി തീയതിയും സമയവുംവെച്ച് വിശദീകരിക്കുന്നുണ്ട്.
 

Latest News