പയ്യന്നൂർ - നോക്കുകൂലിയുടെ പേരിൽ സി.ഐ.ടി.യു വിലക്കേർപ്പെടുത്തിയ സ്ഥാപനത്തിൽ നിന്നും സാധനം വാങ്ങിയതിന്റെ പേരിൽ യൂത്ത് ലീഗ് നേതാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് നടത്തിയ പ്രകടനത്തിന് നേരെ സി.ഐ.ടി.യു ആക്രമണം. പോലീസ് നോക്കിനിൽക്കെയാണ് സംഘർഷം. യൂത്ത് ലീഗ് പ്രവർത്തകർക്ക് പരിക്കേറ്റു. സി.ഐ.ടി.യുക്കാർ വിലക്കിയ കടയിൽനിന്ന് ലീഗ് നേതാവ് സാധനം വാങ്ങിയിരുന്നു. തുടർന്നാണ് മർദ്ദനം അഴിച്ചുവിട്ടത്.
അതിനിടെ ലീഗ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ പതിമൂന്ന് സി.ഐ.ടി.യു. ചുമട്ട് തൊഴിലാളികൾക്കെതിരെ പോലീസ് കേസെടുത്തു. മാതമംഗത്തെ എ.ജെ. സൊലൂഷൻസ് സ്ഥാപന ഉടമയും മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്തു കമ്മിറ്റി പ്രസിഡണ്ടുമായ അഫ്‌സൽ കുഴിക്കാടിനെ ആക്രമിച്ചതിന് സി.ഐ.ടി.യു തൊഴിലാളികളായ മബീഷ്, പ്രജീഷ്, റജിത്ത് എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന പത്ത് പേർക്കുമെതിരെയാണ് പെരിങ്ങോം പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇരുപതോളം വരുന്ന സി.ഐ.ടി.യു പ്രവർത്തകർ ആക്രമിച്ചത്.
മാതമംഗലത്തെ എസ്.ആർ അസോസിയേറ്റ്‌സ് എന്ന ഹാർഡ് വേർ സ്ഥാപനത്തിൽ സ്വന്തം തൊഴിലാളികളെ വെച്ച് സാധന ങ്ങൾ ഇറക്കുന്നതിനും കയറ്റുന്നതിനും ഹൈക്കോടതി അനുമതി നൽകിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ അവിടുത്തെ തൊഴിലാളികൾ കയറ്റിറക്ക് നടത്തുന്നതിനെതിരെ ചുമട്ട് തൊഴിലാളികൾ സ്ഥാപനം തുടങ്ങിയതു മുതൽ സമരം നടത്തുകയും സാധനങ്ങൾ വാങ്ങാനെത്തുന്നവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്യുന്നത് പതിവാണ്. ഇത് അനുസരിക്കാതെ അവിടെ നിന്ന് സാധനങ്ങൾ വാങ്ങുന്നതാണ് അഫ്‌സലിനെതിരെയുണ്ടായ അക്രമത്തിന് കാരണം. അഫ്‌സലിനെതിരെ നേരത്തെ സി.ഐ.ടി.യു പ്രവർത്തകർ ഭീഷണി മുഴക്കിയിരുന്നു. ഇത് സംബന്ധിച്ച് ഡിവൈ.എസ്.പി ക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. മാതമംഗലം ബസാറിൽ വെച്ചാണ് മബീഷ്, പ്രജീഷ്, രഞ്ജിത്ത്, വാസു എന്നിവരുടെ നേതൃത്വത്തിൽ സി. ഐ.ടി യു സംഘം മാരകായുധങ്ങളുമായി അക്രമിച്ചത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് അഫ്‌സൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.