തിരുവനന്തപുരം- ആര്‍ക്കൊക്കെയോ വേണ്ടി ബലിമൃഗമാകേണ്ടി വന്ന ശിവശങ്കറിന്റെ അനുഭവകഥയെന്നാണ് ശിവശങ്കറിന്റെ പുസ്തകത്തിന്റെ കവറിലുള്ളത്. . സ്വര്‍ണക്കടത്തുകേസിലെ പ്രതിയായ മുന്‍ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ ആത്മകഥയാണ് അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പുസ്തകം. ഡി സി ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ശനിയാഴ്ച പുസ്തകം പുറത്തിറങ്ങും.
നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ ശിവശങ്കര്‍ ദീര്‍ഘകാലം ജയിലിലായിരുന്നു. തന്റെ ജയിലിലെ അനുഭവം, അന്വേഷണ ഉദ്യോഗസ്ഥരുടെ സമീപനം തുടങ്ങിയവ പുസ്തകത്തില്‍ വിശദീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അധികാരത്തിന്റെ ഉന്നതിയിലിരുന്നിട്ടും പലവിധ അധികാര രൂപങ്ങളാല്‍ വേട്ടയാടപ്പെട്ട ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ അനുഭവകഥ. യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജുവഴി നടന്ന സ്വര്‍ണക്കടത്തുകേസില്‍ ഉള്‍പ്പെടുത്തി, പിന്നെയും കുറേ കേസുകളില്‍പ്പെടുത്തി ജയിലില്‍ അടയ്ക്കപ്പെട്ട എം ശിവശങ്കര്‍ ആ നാള്‍ വഴികളില്‍ സംഭവിച്ചതെന്തെല്ലാമെന്ന് വെളിപ്പെടുത്തുന്നു. ഈ പുസത്കം കേരളീയ സാംസ്‌കാരിക രംഗത്ത് വലിയ ചര്‍ച്ചയാവാന്‍ സാധ്യതയുണ്ട്.