കോഴിക്കോട്- ഏജന്റുമാരുടെ എതിര്‍പ്പ് അവഗണിച്ച് കേരള സംസ്ഥാന പ്രതിവാര ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയില്‍നിന്ന് 50 രൂപയാക്കി വര്‍ധിപ്പിക്കാന്‍ സാധ്യത. കോവിഡ് സാഹചര്യത്തിന്‍ വിലവര്‍ധന കുറച്ച് വൈകിമതി എന്ന അഭിപ്രായവുമുണ്ട്. വിലവര്‍ധന വില്‍പ്പനയെ ബാധിക്കുമെന്ന് ഒരു വിഭാഗം ലോട്ടറി തൊഴിലാളികള്‍ പറയുമ്പോള്‍, തൊഴിലാളികളുടെ വരുമാനം കൂടുമെന്നാണ് വകുപ്പ് പറയുന്നത്. 10 രൂപ വര്‍ധിപ്പിക്കുന്നതതോടെ സമ്മാനഘടനയിലും മാറ്റംവരും. ഇപ്പോള്‍ ഒരുകോടി ടിക്കറ്റ് വില്‍ക്കുമ്പോള്‍ മൂന്നുലക്ഷം സമ്മാനങ്ങളാണ് നല്‍കുന്നത്. അതിന്റെ എണ്ണം കൂട്ടും.
40 രൂപയുടെ ടിക്കറ്റ് വില്‍ക്കുമ്പോള്‍ വില്‍പ്പനക്കാരന് 7.50 രൂപ ലഭിക്കും. ടിക്കറ്റ് വില 50 ആകുന്നതോടെ കമ്മിഷന്‍ 8.64 രൂപയാകും. 100 ടിക്കറ്റ് വില്‍ക്കുമ്പോള്‍ 124 രൂപ അധികം വില്‍പ്പനക്കാരന് ലഭിക്കും.പ്രതിവര്‍ഷം ആറു ബംബര്‍ ലോട്ടറികളുണ്ട്. ടിക്കറ്റ് വില 300 രൂപയായിട്ടും മുഴുവന്‍ വിറ്റുപോകുന്ന ബംബര്‍ വഴിയാണ് വകുപ്പിന് ഏറെ ലാഭം ലഭിക്കുന്നത്. ഓണം ബംബറില്‍ മാത്രം 39 കോടി രൂപയായിരുന്നു വകുപ്പിന്റെ ലാഭം.
വില്‍പ്പനവഴി ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനം സമ്മാനമായി നല്‍കുന്നുണ്ട്. പ്രതിവാര ലോട്ടറിയില്‍നിന്ന് ലാഭം മൂന്നരശതമാനമേ ഉള്ളൂ. ലോട്ടറിയുടെ ജി.എസ്.ടി. 28 ശതമാനമാണ്. ഇതില്‍നിന്ന് പകുതി പിന്നീട് സംസ്ഥാന സര്‍ക്കാരിന് ലഭിക്കുമെങ്കിലും അത് ലോട്ടറി വരുമാനമായി നേരിട്ടുകൂട്ടാന്‍ പറ്റില്ല. തൊഴിലാളികള്‍ക്ക് മൊത്ത വരുമാനത്തിന്റെ ഒരുശതമാനം ക്ഷേമനിധി ആനൂകൂല്യമായി സര്‍ക്കാര്‍ നല്‍കുന്നുണ്ട്. കോവിഡില്ലെങ്കില്‍ പ്രതിവര്‍ഷം 15,000 കോടി രൂപയുടെ ഇടപാട് ഈ മേഖലയിലുണ്ടാവും.
2017 മുതല്‍ 2021 വരെ ലോട്ടറിയില്‍നിന്നുമാത്രം സര്‍ക്കാരിന് ലഭിച്ച ലാഭം 5603 കോടി രൂപയാണ്. 2017 മുതല്‍ 2020വരെ ശരാശരി 1700 കോടി വീതം ലാഭമുണ്ടായി. 202021ല്‍ കോവിഡ് കാരണം ലാഭം 472 കോടിയായി.