അബുദാബി- യു.എ.ഇ ലക്ഷ്യമിട്ട് വന്ന ഏതാനും ഡ്രോണുകള്‍ വെടിവെച്ചിട്ടതായി സൈന്യം അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ആയിരുന്നു ഡ്രോണ്‍ ആക്രമണ ശ്രമം. ഏതാനും ആഴ്ചകള്‍ക്കിടെ യു.എ.ഇക്കുനേരെ ഇത് നാലാമത്തെ ആക്രമണമാണെന്ന് യു.എ.ഇ സൈന്യം പറഞ്ഞു.
ആരാണ് ഡ്രോണുകള്‍ വിക്ഷേപിച്ചതെന്നോ എവിടെ നിന്നാണ് വിക്ഷേപിച്ചതെന്നോ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല, എന്നാല്‍ യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂത്തികളാണ് ആക്രമണത്തിനു പിന്നിലെന്ന് കരുതുന്നു. യു.എ.ഇ.യില്‍ നേരത്തെ നടത്തിയ നിരവധി ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹൂത്തികള്‍ ഏറ്റെടുത്തിരുന്നു.
യു.എ.ഇയെ ലക്ഷ്യമിട്ട് തൊടുത്ത മൂന്ന് ''ശത്രു ഡ്രോണുകള്‍'' നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍നിന്ന് അകലെയാണ് ഡ്രോണുകള്‍ വെടിവെച്ചിട്ടത്.
യെമന്‍ തലസ്ഥാനമായ സന്‍ആയുടെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം 2015 മുതല്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിനെതിരെ ഹൂത്തികള്‍ ആക്രമണം തുടരുകയാണ്. സൗദിക്കുനേരെ നിരവധി ആക്രമണങ്ങള്‍ നടത്തിയ ഹൂത്തികള്‍ കഴിഞ്ഞ മാസമാണ് യു.എ.ഇയിലേക്കും ഡ്രോണുകളും മിസൈലുകളും തൊടുത്തുതുടങ്ങിയത്.
ഏത് ഭീഷണികളെയും നേരിടാന്‍ തയ്യാറാണെന്നും രാജ്യത്തെ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും യു.എ.ഇ അറിയിച്ചു.