മലപ്പുറം- സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ തുടരും.മലപ്പുറത്ത് നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെതാണ് തീരുമാനം. ജനറൽ സെക്രട്ടറി സുധാകർ റെഡ്ഢിയാണ് കാനത്തിന്റെ പേര് നിർദ്ദേശിച്ചത്. ഏകകണ്ഠമായട്ടായിരുന്നു തീരുമാനം. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ എണ്ണം 89 നിന്ന് 96 ആക്കി. സി.പി.ഐ കൺട്രോൾ കമ്മീഷനിലും സംസ്ഥാന കൗൺസിലിലും വൻ അഴിച്ചുപണി നടത്തി. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് സി. ദിവാകരൻ മത്സരിച്ചേക്കുമെന്ന് ശ്രുതിയുണ്ടായിരുന്നെങ്കിലും അവസാനനിമിഷം പൻവാങ്ങി. ഇതോടെ മത്സരം ഒഴിവായി.
സി.പി.എമ്മും സി.പി.ഐയും തമ്മിൽ അഭിപ്രായ വ്യത്യാസം സാധാരണമാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ഒരേ പാർട്ടികളിലെ അംഗങ്ങൾ തമ്മിൽ തന്നെ വ്യത്യസ്ത അഭിപ്രായം നിലനിൽക്കുന്ന കാലത്ത് രണ്ടു പാർട്ടികൾ തമ്മിൽ വ്യത്യാസ അഭിപ്രായങ്ങളുണ്ടാകുന്നതിൽ തെറ്റില്ല. മുന്നണി വിപുലീകരണം നിലവിൽ എൽ.ഡി.എഫിന്റെ മുന്നിലില്ല. ഏതെങ്കിലും ഒരു പാർട്ടിക്ക് മാത്രമായി മുന്നണി വിപുലീകരണം സംബന്ധിച്ച് തീരുമാനമെടുക്കാൻ പറ്റില്ല. ഏതായാലും നിലവിൽ ഇടതുമുന്നണിക്ക് മുന്നിൽ മുന്നണി വിപുലീകരണം എന്ന അജണ്ടയിൽ ഇല്ലെന്നും കാനം വ്യക്തമാക്കി. താൻ പറയുന്നത് തന്റെ വ്യക്തിപരമായ നിലപാടുകൾ അല്ലെന്നും പാർട്ടി നിലപാടാണെന്നും കാനം പറഞ്ഞു. പാർട്ടിയുടെ സംഘടനശേഷി വർധിച്ചിട്ടുണ്ട്. അത് മുന്നോട്ടുകൊണ്ടുപോകുക എന്നത് വലിയ വെല്ലുവിളിയാണ്. പാർട്ടിയുടെ കാര്യങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ പറയാൻ താൻ ബാധ്യസ്ഥനാണ്. അതാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും കാനം പറഞ്ഞു.