കോട്ടയം- പാമ്പിന്റെ കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ടി.കെ ജയകുമാർ. അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർ അറിയിച്ചു. മരുന്നുകളോട് വാവ സുരേഷ് നന്നായി പ്രതികരിക്കുന്നുണ്ട്. തിരിച്ചുവരാൻ കൂടുതൽ സമയമെടുക്കുമെന്നും വെന്റിലേറ്ററിൽ തുടരുകയാണെന്നും ഡോക്ടർ അറിയിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന സമയത്തുള്ളതിനേക്കാള്‍ ഹൃദയമിടിപ്പ് വര്‍ധിച്ചിട്ടുണ്ട്. വെന്‍റിലേറ്ററില്‍ തന്നെ തുടരേണ്ട സഹചര്യമാണ്. കഴിഞ്ഞ ദിവസം ആരോഗ്യനിലയില്‍ ആശങ്കയുണ്ടായിരുന്നു. അതില്‍നിന്ന് മാറിയെന്നും ഡോക്ടര്‍ വ്യക്തമാക്കി. തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തില്‍ വരുന്ന മാറ്റമാണ് ഡോക്ടര്‍മാരെ ആശങ്കയിലാഴ്ത്തുന്നത്. വിഷം കൂടുതല്‍ അളവില്‍ ശരീരത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഒരാഴ്ചക്ക് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂവെന്നും ഡോക്ടര്‍ അറിയിച്ചു.