കൊച്ചി- എ.ഡി.ജി.പി വിജയ് സാഖറയെ വിമര്‍ശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സംസ്ഥാനത്തെ വിവിധ പോലിസ് സ്റ്റേഷനുകളില്‍ കേസെടുത്ത നടപടിക്കെതിരെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി.എ റഊഫ് ഹെക്കോടതിയില്‍ നല്‍കിയ റിട്ട് ഹരജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.
ആര്‍.എസ്.എസ് നേതാവ് കൊല്ലപ്പെട്ട കേസില്‍ കസ്റ്റഡിയില്‍ എടുത്ത മുസ്്‌ലിം യുവാവിനെക്കൊണ്ട് ജയ്ശ്രീറാം വിളിപ്പിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യം പുറത്തുവിടാന്‍ എ.ഡി.ജി.പി വിജയ്സാഖറയെ വെല്ലുവിളിച്ച പോസ്റ്റിനെതിരായാണ് സംസ്ഥാനത്തെ വിവിധ പോലിസ് സ്റ്റേഷനുകളില്‍ സി.എ റഊഫിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ് ഷാന്റെ കൊലപാതകത്തിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്റിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചോറ്റാനിക്കര, എടത്തല, അങ്കമാലി, പട്ടാമ്പി, ആലുവ എന്നീ സ്റ്റേഷനുകളിലാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 153 പ്രകാരം കേസെടുത്തിട്ടുള്ളത്.