കണ്ണൂര്‍ - ആയിക്കരയില്‍ റസ്റ്റോറന്റ് ഉടമയെ വാഹനം തടഞ്ഞ് കുത്തി കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കണ്ണൂര്‍ സിറ്റി ആദികടലായി ദാരുല്‍ ഇഷ്‌കില്‍ പി. റബീഹ്(24), ആയിക്കര പൂവളപ്പ് മൊയ്തീന്‍ പള്ളിക്കടുത്തെ കെ. ഹനാന്‍ (22) എന്നിവരെയാണ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ പയ്യാമ്പലത്തെ സുഫിമക്കാന്‍ റസ്റ്റോറന്റ് ഉടമ തായത്തെരു ഖലീമ മന്‍സിലില്‍ ജസീറാണ് (35) കൊല്ലപ്പെട്ടത്. ഹോട്ടല്‍ അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആയിക്കര മത്സ്യ മാര്‍ക്കറ്റിന് സമീപത്താണ് കൊലപാതകം നടന്നത്.
ബഹളം കേട്ട് ഓടിയെത്തിയ മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ജസിറിനെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്.
സംഭവം നടന്ന ഉടന്‍ പോലീസ് ടൗണില്‍ അരിച്ചുപെറുക്കിയെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് കൊല നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് രാവിലെയോടെ പ്രതികളെ കസ്റ്റഡിയിലെടുത്തത്. അസി.കമ്മീഷണര്‍ പി.പി.സദാനന്ദന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.
വാഹനം പാര്‍ക്കു ചെയ്തതിലുള്ള തര്‍ക്കവും തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു.
പ്രതികള്‍ മദ്യലഹരിയിലായിരുന്നു. റസ്റ്റോറന്റ് അടച്ച ശേഷം, കൊല്ലപ്പെട്ട ജസീറും, സുഹൃത്ത് അബീഷ് ഖാദറും കാറില്‍ ആയിക്കരയിലെത്തി, നേരത്തെ അവിടെ പാര്‍ക്കു ചെയ്തിരുന്ന ബൈക്ക് എടുക്കാന്‍ സുഹൃത്ത് പോയപ്പോഴാണ് പ്രതികള്‍ വാഹനം തടഞ്ഞതും വാക്കുതര്‍ക്കമുണ്ടായതും. ഇതിനൊടുവിലാണ് കൈയിലുണ്ടായിരുന്ന മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ജസീറിനെ കുത്തിയത്.
പടിയിലായ റബീഹാണ് കുത്തിയത്. നെഞ്ചില്‍ കുത്തേറ്റ് വീണ ജസീറിനെ സുഹൃത്ത് അബിഷ് ഉള്‍പ്പെടെയുള്ളവര്‍ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു
വെങ്കിലും രക്ഷിക്കാനായില്ല.
പ്രതികള്‍ രണ്ടു പേര്‍ മാത്രമാണ് ഉള്ളതെന്ന് കമ്മീഷണര്‍ പറഞ്ഞു. പ്രതികളും കൊല്ലപ്പെട്ടയാളും തമ്മില്‍ മുന്‍ പരിചയമില്ല. പെട്ടെന്നുള്ള പ്രകോപനമാണ് കൊലക്ക് കാരണമായത്. നെഞ്ചില്‍ മാത്രമാണ് കുത്തേറ്റിട്ടുള്ളത്. ഹനാന്‍ പിടിച്ചു വെക്കുകയും റബീഹ് കുത്തുകയുമായിരുന്നു. പ്രതികള്‍ നേരത്തെ മറ്റു കേസുകളില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
പരേതനായ അബ്ദുല്‍ സത്താര്‍ - അഫ്‌സത് ദമ്പതികളുടെ മകനാണ് ജസീര്‍. ഭാര്യ സഹിദ. മക്കള്‍ ഇസാഷ്, ഇഫാസ്. സഹോദരങ്ങള്‍ ജമാല്‍, തസ് ലിമ, ജഫ്‌സീറ.
ജസീറിന്റെ മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.