Sorry, you need to enable JavaScript to visit this website.

ലോകകപ്പ് ഫുട്‌ബോളിലും വീഡിയോ റീപ്ലേ

സൂറിച്ചിലെ ഐ.എഫ്.എ.ബി യോഗത്തിനുശേഷം ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫെന്റിനോ പത്രസമ്മേളനത്തിൽ സംസാരിക്കുന്നു.
  • പരിഷ്‌കാരത്തിന് ഇന്റർനാഷണൽ ഫുട്‌ബോൾ അസോസിയേഷൻ ബോർഡിന്റെ അനുമതി
  • 'വാർ' സംവിധാനം റഫറിയിംഗ് തീരുമാനങ്ങളെ കുറ്റമറ്റതാക്കുമെന്ന് ഫിഫ പ്രസിഡന്റ്

സൂറിച്ച്- ഫുട്‌ബോൾ മത്സരങ്ങളുടെ ഗതി തന്നെ മാറ്റിമറിക്കാൻ കഴിയുംവിധം റഫറിയിംഗിൽ വീഡിയോ റീപ്ലേയുടെ സഹായം തേടുന്ന സംവിധാനം വരുന്ന ലോകകപ്പിൽ നടപ്പാക്കാൻ തീരുമാനം. ഫുട്‌ബോൾ നിയമനിർമാണ സമിതിയായ ഇന്റർനാഷണൽ ഫുട്‌ബോൾ അസോസിയേഷൻ ബോർഡിന്റെ സൂറിച്ചിൽ ചേർന്ന യോഗം വീഡിയോ അസിസ്റ്റന്റ് റഫറി ടെക്‌നോളജി (വാർ) പരിഷ്‌കാരത്തിന് അംഗീകാരം നൽകി. ഈ മാസം 15, 16 തീയതികളിൽ കൊളംബിയയിൽ ചേരുന്ന ഫുട്‌ബോളിന്റെ ഏറ്റവും ഉയർന്ന സമിതിയായ ഫിഫ കൗൺസിൽ യോഗം ശരിവെക്കുന്നതോടെ തീരുമാനം അന്തിമമാകും. ഈ വർഷം ജൂൺ 14 മുതൽ ജൂലൈ 15 വരെ റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ അതോടെ പുതിയ പരിഷ്‌കാരം നടപ്പാവും. 
യോഗത്തിൽ തീരുമാനത്തിന് അന്തിമാനുമതി ലഭിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫെന്റിനോ പ്രത്യാശ പ്രകടിപ്പിച്ചു. കൗൺസിലെ ഭൂരിപക്ഷം അംഗങ്ങളും പരിഷ്‌കരണത്തിന് അനുകൂലമാണ്. 
ഗോളുകൾ, പെനാൽറ്റി തീരുമാനങ്ങൾ, നേരിട്ടുള്ള ചുവപ്പ് കാർഡ്, നടപടി നേരിടുന്ന കളിക്കാരനെ തിരിച്ചറിയൽ എന്നീ നാല് കാര്യങ്ങളിൽ സംശയം ഉയരുമ്പോഴാവും റഫറിമാർ ടി.വി റീപ്ലേയുടെ സഹായം തേടുക. പലപ്പോഴും റഫറിമാരുടെ തീരുമാനങ്ങൾ വലിയ എതിർപ്പിനും വാഗ്വാദങ്ങൾക്കും ഇടയാവുന്ന സാഹചര്യങ്ങളാണിവ.
വീഡിയോ റീപ്ലേ തീരുമാനം ഫുട്‌ബോളിൽ പുതുയുഗത്തിന് തുടക്കം കുറിക്കുമെന്നും, മത്സരങ്ങൾ കൂടുതൽ നീതിപൂർവമാക്കാൻ സഹായിക്കുമെന്നും ബോർഡ് പ്രസ്താവനയിൽ പറഞ്ഞു.
ഇതിനുപുറമെ എക്‌സ്ട്രാ ടൈമിൽ നാലാമതൊരു സബ്സ്റ്റിറ്റിയൂട്ടിനെ ഇറക്കാൻ അനുവദിച്ചുകൊണ്ടുള്ള നിയമഭേദഗതിക്കും ഐ.എഫ്.എ.ബി യോഗം അംഗീകാരം നൽകി. 
യൂറോപ്പിലെ പ്രമുഖ ഫുട്‌ബോൾ ലീഗുകളായ ജർമനിയിലെ ബുണ്ടസ്‌ലീഗ, ഇറ്റലിയിലെ സീരി എ എന്നിവയിൽ ഇപ്പോൾ തന്നെ വാർ സംവിധാനം നിലവിലുണ്ട്. അടുത്ത വർഷം നടപ്പാക്കാനിരിക്കുന്ന സ്‌പെയിനിലെ ലാലീഗയിൽ ഇതിനായി റഫറിമാർക്ക് പരിശീലനം നൽകിത്തുടങ്ങി.
എന്നാൽ പരിഷ്‌കരണത്തോട് എതിർപ്പും ശക്തമാണ്. ഫുട്‌ബോൾ മത്സരത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുമെന്നതാണ് പ്രധാന വിമർശനം. സാങ്കേതികവിദ്യയോട് റഫറിമാർക്ക് പൊതുവെ വിമുഖതയാണെന്ന് കളിക്കാരും ടീം മാനേജർമാരും പരാതിപ്പെടുമ്പോൾ, പരിഷ്‌കരണം എങ്ങനെയാണ് കളിയെ ബാധിക്കുക എന്ന കാര്യത്തിൽ ആരാധകർ ഇപ്പോഴും ഇരുട്ടിലാണ്. ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിലും വാർ നടപ്പാക്കില്ലെന്ന് യുവേഫ പ്രസിഡന്റ് അലക്‌സാണ്ടർ സെഫെറിൻ പറഞ്ഞു. എന്നാൽ മുമ്പ് താനും ഇക്കാര്യത്തിൽ ആശങ്കാകുലനായിരുന്നുവെന്നാണ് ഇൻഫെന്റിനോ പറയുന്നത്. 'രണ്ടു വർഷം മുമ്പുവരെ ഞാനും ഈ പരിഷ്‌കരണത്തിന് എതിരായിരുന്നു. എന്നാൽ ഇതേക്കുറിച്ച് പഠിച്ചുകഴിഞ്ഞപ്പോഴാണ് എന്റെ മനസ്സ് മാറിയത്' -അദ്ദേഹം പറഞ്ഞു.

റഷ്യയിലെ സോച്ചിയിൽ കഴിഞ്ഞ വർഷം നടന്ന കോൺഫെഡറേഷൻസ് കപ്പിൽ ജർമനി ഓസ്‌ട്രേലിയ മത്സരം വീഡിയോ റഫറി തീരുമാനത്തിനായി നിർത്തിവെച്ചപ്പോൾ (ഫയൽ).


വാർ ഏർപ്പെടുത്തിയ മത്സരങ്ങളിൽ റഫറിമാരുടെ തീരുമാനം ഏതാണ്ട് കുറ്റമറ്റതായും ഫിഫ പ്രസിഡന്റ് വ്യക്തമാക്കി. വാർ ഇല്ലാത്ത മത്സരങ്ങളിൽ റഫറിമാരുടെ തീരുമാനം 93 ശതമാനം ശരിയായിരുന്നെങ്കിൽ, വാർ ഏർപ്പെടുത്തിയതോടെ 99 ശതമാനം ശരിയായെന്ന് ഐ.എഫ്.എ.ബി നടത്തിയ പഠനത്തിൽ കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ പരിഷ്‌കരണം മത്സരത്തിന്റെ വേഗം കുറയ്ക്കുമെന്ന വിമർശനം നിലനിൽക്കുകയാണ്. വീഡിയോ റീപ്ലേക്കായി മത്സരം നിർത്തിവെക്കുന്നത് അതിവേഗത്തിൽ ഒത്തൊരുമയോടെ കളിച്ചുകൊണ്ടിരിക്കുന്ന ടീമിന്റെ താളം തെറ്റിക്കും. ഇത് കളിയുടെ ഗതിതന്നെ മാറ്റും. മാത്രമല്ല, ഗാലറിയിലെ ഗോൾ ആഘോഷത്തിന് കുറേ നേരത്തേക്കെങ്കിലും സ്തംഭനാവസ്ഥ ഉണ്ടാവുമെന്നും വിമർശകർ പറയുന്നു. എന്നാൽ ആഘോഷത്തെ കുഴപ്പത്തിലാക്കുകയല്ല, ആകാംക്ഷയുടെ കുറേക്കൂടി നിമിഷങ്ങൾ സമ്മാനിക്കുകയാണ് റീപ്ലേയിലൂടെ സംഭവിക്കുകയെന്ന് ഇൻഫെന്റിനോ പറഞ്ഞു.
ഫുട്‌ബോളിൽ പരിഷ്‌കരണങ്ങൾ ആവശ്യമാണെന്നും, ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ വാർ സംവിധാനം ഏർപ്പെടുത്തുന്ന കാര്യത്തിൽ സമയത്തിന്റെ മാത്രം പ്രശ്‌നമേയുള്ളുവെന്നും ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ ചീഫ് എക്‌സിക്യുട്ടീവ് മാർട്ടിൻ ഗ്ലെൻ പറഞ്ഞു. നേരത്തെതന്നെ വീഡിയോ റിപ്ലേ സംവിധാനം നിലവിലുള്ള ക്രിക്കറ്റിന്റെ ജന്മനാടാണെങ്കിലും ഇംഗ്ലണ്ടിലെ ക്ലബ്ബുകൾക്ക് ഫുട്‌ബോളിൽ വാർ സംവിധാനം ഏർപ്പെടുത്തുന്നതിനോട് വലിയ താൽപര്യമില്ല.
താഴെതട്ടുകളിലുള്ള ടൂർണമെന്റുകളിൽ വിജയകരമായി നടപ്പാക്കുന്നതിനുമുമ്പ് ലോകകപ്പിൽ പുതിയ പരിഷ്‌കാരം ഏർപ്പെടുത്തുന്നതിനെ ചോദ്യം ചെയ്യുന്നവരുമുണ്ട്. എന്നാൽ ലോകകപ്പിനുമുമ്പ് ഇക്കാര്യത്തിൽ റഫറിമാർ തയാറായി കഴിഞ്ഞിരിക്കുമെന്ന കാര്യത്തിൽ തനിക്ക് ഉറപ്പുണ്ടെന്ന് ഇൻഫെന്റിനോ പറഞ്ഞു. ലോകകപ്പിൽ വാർ നടപ്പാക്കുന്നതിനായി ഒരു വർഷത്തിലേറെ മുമ്പേ തയാറെടുപ്പുകൾ ആരംഭിച്ചിരുന്നതായി ഫിഫ റഫറി കമ്മിറ്റി ചെയർമാൻ പിയർലൂയിജി കോളിന അറിയിച്ചു.

 

Latest News